അക്തറിന്റെ പ്രവചനം അച്ചട്ടായി

single-img
17 June 2019

ലോകകപ്പില്‍ ഇന്ത്യക്കെതിരെ ടോസ് നേടി ബൗളിംഗ് തെരഞ്ഞടുത്ത പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദിനെ വിമര്‍ശിച്ച് മുന്‍ പാക് താരം ഷൊയ്ബ് അക്തര്‍ രംഗത്തെത്തിയിരുന്നു. 2017 ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത കോലിയുടെ തെറ്റ് സര്‍ഫ്രാസ് ആവര്‍ത്തിച്ചു എന്നായിരുന്നു അക്തറിന്റെ വാക്കുകള്‍.

അക്തറിന്റെ പ്രവചനം ശരിയാണെന്ന് ഓള്‍ഡ് ട്രാഫോര്‍ഡിലെ മത്സരം തെളിയിച്ചു. വമ്പന്‍ പോരാട്ടത്തില്‍ മഴനിയമം പ്രകാരം 89 റണ്‍സിന്റെ വമ്പന്‍ തോല്‍വി വഴങ്ങി പാക്കിസ്ഥാന്‍ ടീം. മഴ താറുമാറാക്കിയ കളിയില്‍ വിജയലക്ഷ്യം 40 ഓവറില്‍ 302 റണ്‍സാക്കി ചുരുക്കിയപ്പോള്‍ പാക്കിസ്ഥാന് ആറ് വിക്കറ്റിന് 212 റണ്‍സ് മാത്രമാണ് നേടാനായത്.

അതേസമയം, ആദ്യം ബാറ്റ് ചെയ്യണമെന്ന, ഇതിഹാസ താരം ഇമ്രാന്‍ ഖാന്റെ ഉപദേശവും പാലിക്കാതിരുന്ന സര്‍ഫ്രാസ് അഹമ്മദിന് സോഷ്യല്‍ മീഡിയയിലും പൊങ്കാലയാണ്. മത്സരത്തിനു തലേന്ന് അഞ്ച് ട്വീറ്റുകളിലൂടെയാണ് ഇമ്രാന്‍ ടീമിന് ആശംസയും ഒപ്പം നിര്‍ദ്ദേശങ്ങളും നല്‍കിയത്. ആധുനിക ക്രിക്കറ്റില്‍ വിജയിക്കണമെങ്കില്‍ മനക്കരുത്ത് അനിവാര്യമാണെന്നായിരുന്നു ഇമ്രാന്റെ ആദ്യ ട്വീറ്റ്.

‘ഞാന്‍ കരിയര്‍ തുടങ്ങിയ കാലത്ത് 70% കഴിവ്, 30% മനഃസാന്നിധ്യം എന്നതായിരുന്നു ഒരു ക്രിക്കറ്റര്‍ക്കു വേണ്ടിയിരുന്നത്. പിന്നീട് ഞാന്‍ വിരമിച്ചപ്പോഴേക്കും അത് 50–50 എന്നായി. ഇപ്പോള്‍ അത് 40–60 എന്നാണെന്ന് എന്റെ സുഹൃത്ത് സുനില്‍ ഗാവസ്‌കര്‍ പറയുന്നതിനോട് ഞാന്‍ യോജിക്കുന്നു. മനക്കരുത്തിന്റെ തോത് ഇനിയും കൂടിയേക്കാം..’. പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദ് മനക്കരുത്തുള്ളയാളാണ് എന്നതില്‍ തനിക്കു സന്തോഷമുണ്ടെന്നും നിര്‍ഭയമായി കളിക്കാന്‍ ടീം ശ്രമിക്കണമെന്നും ഇമ്രാന്റെ ഉപദേശം.

സ്‌പെഷലിസ്റ്റ് ബാറ്റ്‌സ്മാന്‍മാരെയും ബോളര്‍മാരെയും മാത്രം സര്‍ഫ്രാസ് ടീമിലെടുക്കണമെന്ന് ഉപദേശിച്ച ഇമ്രാന്‍ പറയുന്ന ന്യായമിങ്ങനെ: ‘റെയ്‌ലു കട്ടാസ്’ സമ്മര്‍ദ്ദ നിമിഷങ്ങളില്‍ തിളങ്ങാറില്ല. അലഞ്ഞു തിരിഞ്ഞു നടക്കുന്ന കാലിമൃഗങ്ങള്‍ എന്നാണ് ‘റെയ്‌ലു കട്ടാസ്’ എന്നതിന്റെ വാക്കര്‍ഥം. പിച്ച് നനഞ്ഞതല്ലെങ്കില്‍ ടോസ് കിട്ടിയാല്‍ ബാറ്റിങ് തന്നെ തിരഞ്ഞെടുക്കണണമെന്നും ഇമ്രാന്‍ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ സര്‍ഫ്രാസ് ബോളിങ്ങാണ് തെരഞ്ഞെടുത്തത്.