വരുന്നത് രാജ്യം കണ്ട ഏറ്റവും ചൂടു കൂടിയ വേനൽക്കാലം: മുന്നറിയിപ്പ് നല്‍കി കുവൈത്ത്

single-img
13 June 2019

രാജ്യം കണ്ട ഏറ്റവും ചൂടു കൂടിയ വേനൽക്കാലമാണ് വരാൻപോകുന്നതെന്നു കുവൈത്ത്. വേനൽക്കാലം തുടങ്ങിയപ്പോൾ തന്നെ താപനില 50 ഡിഗ്രി സെൽഷ്യസിനും മുകളിലെത്തിയ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ചൂട് അതികഠിനമായിരിക്കുമെന്നാണ് മുന്നറിയിപ്പ്.

ശനിയാഴ്ച ലോകത്ത് ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയത് കുവൈത്തിലായിരുന്നു. ചൂട് 50.2 ഡിഗ്രിയായതോടെ ജനം വലഞ്ഞു. വൈദ്യുതി ഉപയോഗം റെക്കോർഡ് നിലയിലെത്തിയതോടെ സ്വയം നിയന്ത്രണവും കരുതലുമുണ്ടാകണമെന്നു വൈദ്യുതി, ജലം മന്ത്രാലയം അണ്ടർസെക്രട്ടറി മുഹമ്മദ് അൽ ബുഷാഹരി ആവശ്യപ്പെട്ടു.

സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന സാഹചര്യം ഒഴിവാക്കുക, ധാരാളം വെള്ളം കുടിക്കുക തുടങ്ങിയ മുൻകരുതലുകളെടുക്കണമെന്നാണ് പ്രവാസികളടക്കമുള്ളവരോട് അധികൃതരുടെ നിർദേശം. അതിനിടെ സുർ‌‌റ മേഖലയിൽ സൂര്യാഘാതമേറ്റു ഒരാൾ മരിച്ചതായാണ് റിപ്പോർട്ട്.

അതേസമയം തുറസായ സ്ഥലത്ത് ജോലി ചെയ്യുന്നവർക്ക് ഉച്ചവിശ്രമം അനുവദിക്കാത്ത കമ്പനികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നു മാനവശേഷി അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.