സൗദി എയര്‍പോര്‍ട്ടിനുനേരെ മിസൈല്‍ ആക്രമണം: പ്രവാസികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്ക്

single-img
12 June 2019

സൗദി അറേബ്യയിലെ അബ്ഹ വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം. സൈന്യം ആകാശത്ത് തകര്‍ത്ത മിസൈലിന്റെ അവശിഷ്ടം പതിച്ച് ഇന്ത്യക്കാരുള്‍പ്പെടെ 26 പേര്‍ക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റ എട്ടു പേരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ത്യക്കാരിയായ വനിതക്കാണ് പരിക്ക്.

ബുധനാഴ്ച രാവിലെയാണ് മിസൈല്‍ ആക്രമണമുണ്ടായതെന്ന് സൈനിക വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു. പരിക്കേറ്റവരില്‍ കുട്ടികളും ഉള്‍പ്പെടും. യമന്‍,സൗദി പൗരന്‍മാരാണ് പരിക്കേറ്റ മറ്റ് ദേശക്കാര്‍. വിമാനത്താവളം ലക്ഷ്യമാക്കി ക്രൂസ് മിസൈലാണ് അയച്ചതെന്ന് ഹൂതികള്‍ അവകാശപ്പെട്ടു.

ആദ്യമായാണ് അബ്ഹ വിമാനത്താവളത്തിന് നേരെ മിസൈലാക്രമണം നടക്കുന്നത്. നേരത്തെ, പല തവണ അബ്ഹ വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്നിരുന്നു. തിങ്കളാഴ്ച രാത്രി അബ്ഹയിലെ ഖമീസ് മുശൈത്ത് ലക്ഷ്യമാക്കി ഹൂതികള്‍ സ്‌ഫോടക വസ്തു നിറച്ച ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു.

നാലുവര്‍ഷമായി യെമന്‍ സര്‍ക്കാര്‍ ഹൂതി വിമതര്‍ക്കെതിരെ നടത്തുന്ന യുദ്ധത്തെ സഹായിക്കുന്ന അറബ് രാജ്യങ്ങളുടെ സഖ്യത്തെ നയിക്കുന്നത് സൗദിയാണ്. 2015 മാര്‍ച്ചില്‍ ആരംഭിച്ച യുദ്ധം യെമനെ അങ്ങേയറ്റം തകര്‍ത്തിട്ടുണ്ട്. 2015ല്‍ വിമതര്‍ യെമന്റെ പടിഞ്ഞാറന്‍ ഭാഗത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതിനു പിന്നാലെ പ്രസിഡന്റ് അബ്ദ്രബ്ബു മന്‍സൂര്‍ ഹാദി വിദേശത്തേക്ക് പലായനം ചെയ്യേണ്ടി വന്നതോടെയാണ് യുദ്ധം ആരംഭിച്ചത്.

വിമതര്‍ക്ക് ശിയാ ഭൂരിപക്ഷ രാജ്യമായ ഇറാന്റെ സഹായമുണ്ടെന്നാണ് സൗദി ആരോപിക്കുന്നത്. യെമന്‍ യുദ്ധത്തില്‍ ഇതുവരെ 7000 പൗരന്മാര്‍ കൊല്ലപ്പെടുകയും 11000 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തെന്നാണ് യു.എന്‍ പറയുന്നത്. 65% മരണങ്ങളുമുണ്ടായത് സൗദി സഖ്യം നടത്തിയ വ്യോമാക്രമണത്തെ തുടര്‍ന്നാണ്.