ഇന്ത്യ പാക് ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിന്റെ പശ്ചാത്തലത്തില്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പരിഹസിക്കുന്ന പരസ്യം: വ്യാപക വിമര്‍ശനം

single-img
11 June 2019

ഇന്ത്യ പാക് ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന്‍ ചാനലായ ജാസ് ടിവി തയ്യാറാക്കിയ പരസ്യം വിവാദമാകുന്നു. വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പരിഹസിച്ചുകൊണ്ടാണ് പരസ്യം. അഭിനന്ദന്‍ വര്‍ദ്ധമാന്റെ മുഖവുമായി സാമ്യമുള്ളയാളെയാണ് പരസ്യത്തില്‍ കാണിക്കുന്നത്.

അഭിനന്ദന്‍ വര്‍ദ്ധമാനെ പാക് സൈന്യം ചോദ്യം ചെയ്യുന്ന രീതിയിലായിരുന്നു പരസ്യം ചിത്രീകരിച്ചത്. ‘ടോസ് കിട്ടിയിരുന്നെങ്കില്‍ എന്തായിരുന്നു പ്ലാന്‍? എന്ന ചോദ്യത്തിന് സോറി സര്‍ എനിക്കത് പറയാനുള്ള അനുമതിയില്ല എന്ന്’ പരസ്യത്തിലുള്ളയാള്‍ പറയുന്നു.

മെയിന്‍ ഇലവനില്‍ ആരെല്ലാമുണ്ടാകുമെന്ന ചോദ്യത്തിനും സോറി സര്‍ അത് പറയാന്‍ എനിക്ക് കഴിയില്ല എന്ന് മറുപടി നല്‍കുന്നു. ശരി, ചായ എങ്ങനെയുണ്ടെന്ന അടുത്ത ചോദ്യത്തിന് ചായ വളരെ നന്നായിരിക്കുന്നു എന്നാണ് അയാള്‍ മറുപടി പറയുന്നത്.

ഇതോടെ ശരി ഇനി താങ്കള്‍ക്ക് പോകാമെന്ന് അടുത്തുള്ളയാള്‍ പറയുന്നു. ഇതോടെ കപ്പുമായി എഴുന്നേല്‍ക്കുന്ന ഇദ്ദേഹത്തോട് കപ്പും കൊണ്ട് എവിടേക്കാണ് പോകുന്നതെന്ന് ചോദിച്ച് കപ്പ് ഇവിടെ വെച്ചിട്ട് പോകൂ എന്ന് ഹാഷ് ടാഗ് ഇട്ടുകൊണ്ടാണ് പരസ്യം അവസാനിക്കുന്നത്.

പരസ്യത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. പരസ്യം ഇന്ത്യന്‍ വ്യോമസേനയേയും സൈന്യത്തേയും അപമാനിക്കുകയാണെന്ന വിമര്‍ശനമാണ് ഉയരുന്നത്.