പരിക്കേറ്റ ശിഖര്‍ ധവാന് പകരം ഋഷഭ് പന്ത് ഇന്ത്യയ്ക്കായി കളിക്കും; ഇനി വേണ്ടത് ഐസിസിയുടെ ഔദ്യോഗിക അംഗീകാരം

single-img
11 June 2019

വിരലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ മൂന്നാഴ്ച വിശ്രമം നിര്‍ദ്ദേശിച്ച ശിഖര്‍ ധവാന് പകരക്കാരനായി ഋഷഭ് പന്ത് ഇന്ത്യയുടെ ലോകകപ്പ് ടീമിനൊപ്പം ചേരുമെന്ന് റിപ്പോര്‍ട്ട്. ധവാന് പരിക്കേറ്റതിനാല്‍ ഈ മാസം നടക്കുന്ന ഇന്ത്യയുടെ അഞ്ച് മത്സരങ്ങളെങ്കിലും നഷ്ടമാവും. ഇതിലേക്കാണ് ഋഷഭ് പന്തിനെ സെലക്ടര്‍മാര്‍ പരിഗണിച്ചിരിക്കുന്നത്.

ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഇടം നേടുമെന്ന് കരുതിയ താരമായിരുന്നു പന്ത്. പക്ഷെ ടീമില്‍ പരിചയസമ്പത്തിന് മുന്‍തൂക്കം നല്‍കാന്‍ സെലക്ടര്‍മാര്‍ തീരുമാനിച്ചപ്പോള്‍ പന്തിന് പകരം ദിനേശ് കാര്‍ത്തിക്കിനാണ് 15 അംഗ ടീമില്‍ ഇടം നല്‍കിയത്. പക്ഷെ ഋഷഭ് പന്തിനെ റിസര്‍വ് താരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഋഷഭ് പന്ത് ഉടന്‍ തന്നെ ഇംഗ്ലണ്ടിലേക്ക് പുറപ്പെടുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

പരിക്കേറ്റ ധവാന്റെ പകരക്കാരന്റെ പേര് ഐസിസി ഔദ്യോഗികമായി അംഗീകരിച്ചാല്‍ ഇക്കാര്യം ടീം മാനെജ്മെന്റ് പുറത്തുവിടുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വരുന്ന രണ്ട് ദിവസത്തിനുള്ളില്‍ ഋഷഭ് പന്ത് ടീമിനൊപ്പം ചേരുമെന്നാണ് സൂചന. അടുത്ത ദിവസം ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന മത്സരത്തില്‍ കെ എല്‍ രാഹുല്‍ ധവാന് പകരം ഓപ്പണറായി തിരിച്ചെത്തിയേക്കും. അങ്ങിനെ സംഭവിച്ചാല്‍ മധ്യനിരയില്‍ ദിനേശ് കാര്‍ത്തിക്കോ വിജയ് ശങ്കറോ കളിക്കാനുള്ള സാധ്യതയുമുണ്ട്.