ന്യൂസിലന്‍ഡിനെതിരായ മത്സരത്തിനു മുമ്പേ ഇന്ത്യയ്ക്ക് തിരിച്ചടി

single-img
11 June 2019

കൈവിരലിന് പരുക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ന്യൂസിലന്‍ഡിനെതിരായ ഇന്ത്യയുടെ അടുത്ത മല്‍സരത്തില്‍ കളിച്ചേക്കില്ലെന്ന് സൂചന. ഓസ്‌ട്രേലിയക്കെതിരായ മല്‍സരത്തില്‍ പാറ്റ് കമ്മിന്‍സിന്റെ പന്തിലാണ് ധവാന് പരുക്കേറ്റത്. പ്രാഥമിക ചികില്‍സ നേടിയ ശേഷം ധവാന്‍ ബാറ്റിങ് തുടര്‍ന്നുവെങ്കിലും ഫീല്‍ഡിങ്ങിന് ഇറങ്ങിയിരുന്നില്ല.

ഇന്ന് സ്‌കാനിങ് പൂര്‍ത്തിയായ ശേഷമേ പരുക്ക് എത്രമാത്രം ഗുരതരമെന്ന് വ്യക്തമാകൂ. അതേസമയം ധവാന്റെ പരിക്കിനെക്കുറിച്ച് ടീം മാനേജ്‌മെന്റ് ഒന്നും പറഞ്ഞിട്ടില്ല. ഓസീസിനെതിരേ തകര്‍പ്പന്‍ സെഞ്ചുറിയിലൂടെ ഇന്ത്യയ്ക്ക് ജയമൊരുക്കിയ ധവാന്റെ പരിക്ക് ടീമിന് തിരിച്ചടിയുണ്ടാക്കും.

ധവാന്‍ കളിക്കാതിരുന്നാല്‍ രോഹിത് ശര്‍മയ്ക്ക് പുതിയ ഓപ്പണിംഗ് ജോഡിയെ കണ്ടെത്തേണ്ടി വരുന്നതാണ് ടീം മാനേജ്‌മെന്റിനെ കുഴയ്ക്കുന്നത്. പരിശീലന മത്സരത്തില്‍ നാലാം നമ്പറില്‍ തിളങ്ങിയ കെ.എല്‍.രാഹുലിനെ ഓപ്പണറാക്കേണ്ട സ്ഥിതിയുണ്ടാകും. അങ്ങനെ വന്നാല്‍ നാലാം നമ്പറില്‍ വിജയ് ശങ്കറിനെയോ ദിനേശ് കാര്‍ത്തിക്കിനെയോ ഇന്ത്യ കളിപ്പിക്കേണ്ടി വരും.