സ്മിത്തിനെ ചതിയനെന്നു വിളിച്ച് കാണികൾ; കൈയടിക്കാന്‍ പറഞ്ഞ് കോലി

single-img
10 June 2019

സ്മിത്തിനെ ചതിയനെന്നു വിളിച്ച ഇന്ത്യൻ കാണികളെ വിലക്കി ഇന്ത്യൻ നായകൻ വിരാട് കോലി. സ്മിത്തിനെ അങ്ങനെ വിളിക്കരുതെന്നും അദ്ദേഹത്തിനു വേണ്ടി കയ്യടിക്കണമെന്നും കോലി കാണികളോട് ആവശ്യപ്പെട്ടു. കോലിയുടെ നിർദ്ദേശത്തെ പുകഴ്ത്തി സോഷ്യൽ മീഡിയ രംഗത്തു വന്നിട്ടുണ്ട്.

ഇന്ത്യയുടെ ബാറ്റിംഗിനിടെയായിരുന്നു സംഭവം. ബൗണ്ടറിക്കരികിൽ ഫീൽഡ് ചെയ്യുകയായിരുന്നു സ്മിത്ത്. ഇന്ത്യക്കാർ ഏറെയുണ്ടായിരുന്ന ഗ്യാലറിയിൽ നിന്നും സ്മിത്തിനെ ചിലർ കൂവാനും ചതിയനെന്നു വിളിക്കാനും തുടങ്ങി. ഇത് ശ്രദ്ധയിൽ പെട്ട ഇന്ത്യൻ നായകൻ കാണികളോട് അങ്ങനെ ചെയ്യരുതെന്ന് ആംഗ്യത്തിലൂടെ ആവശ്യപ്പെട്ടു. തുടർന്ന് അദ്ദേഹത്തിനു വേണ്ടി കയ്യടിക്കണമെന്നും കോലി ആവശ്യപ്പെട്ടു.

കോലിയുടെ ഈ നീക്കം മാന്യമാരുടെ കളിയുടെ മനോഹാരിത കൂട്ടുന്നു എന്നാണ് ആരാധകർ പറയുന്നത്. സ്പോര്ട്സ് ജേണലിസ്റ്റായ സാം ലാൻഡ്സ്ബെർഗറാണ് കോലിയുടെ മാന്യമായ പെരുമാറ്റം പുറംലോകത്തെ അറിയിച്ചത്. ഈ സ്പോർട്സ്മാൻ സ്പിരിറ്റിനെ കുറിച്ച് അദ്ദേഹം ട്വീറ്റ് ചെയ്യുകയായിരുന്നു.