പ്രധാനമന്ത്രി പറഞ്ഞത് തെറ്റ്; ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ കേരളം അംഗം, ആദ്യ ഘഡു അനുവദിക്കുകയും ചെയ്തു: കെ കെ ശൈലജ

single-img
8 June 2019

കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ പദ്ധതിയായ ആയുഷ്മാന്‍ ഭാരതില്‍ കേരളം അംഗമായിട്ടില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റെന്ന് സംസ്ഥാന ആരോഗ്യമന്ത്രി കെകെ ഷൈലജ. കേരളം ഈ കേന്ദ്ര പദ്ധതിയില്‍ അംഗമായിട്ടുണ്ട്. പദ്ധതിയുടെ ആദ്യ ഘഡുവായി 25 കോടി രൂപ കേന്ദ്രം കേരളത്തിന് അനുവദിക്കുകയും ചെയ്തതാണെന്നും മന്ത്രി പറഞ്ഞു.

Support Evartha to Save Independent journalism

കേരളം അംഗമല്ല എന്ന് പ്രധാനമന്ത്രി ഏത് സാഹചര്യത്തിലാണ് പറഞ്ഞതെന്ന് അറിയില്ലെന്നും മന്ത്രി വ്യക്തമാക്കി. ‘ആയുഷ്മാന്‍ ഭാരത്‌ പദ്ധതിയില്‍ അംഗമാവണമോ എന്ന സംശയം കേരളത്തിന് ആദ്യമുണ്ടായിരുന്നു. പിന്നീട് പദ്ധതിയുടെ ഭാഗമായില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ പല ആനുകൂല്യങ്ങളും ലഭിക്കില്ലെന്ന് മനസിലാക്കിയതോടെ കേരളം സഹകരിക്കുകയായിരുന്നു’, മന്ത്രി അറിയിച്ചു.

നിലവില്‍ ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരം സംസ്ഥാനത്ത് 18 ലക്ഷം കുടുംബങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ ആനുകൂല്യം നല്‍കുന്നത്. അതേസമയം തന്നെ കേരളം നിലവില്‍ 40 ലക്ഷം കുടുംബങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷ നല്‍കുന്നുണ്ട്. സംസ്ഥാന ആരോഗ്യമേഖലയില്‍ കേരളം മുന്‍പേ തന്നെ നടപ്പിലാക്കുന്ന പദ്ധതികള്‍ നിര്‍ത്താതെയാണ് ആയുഷ്മാനില്‍ അംഗമായത്. ഇതുമൂലമാണ് 40 ലക്ഷം കുടുംബങ്ങള്‍ക്ക് പരിരക്ഷ നല്‍കാന്‍ കഴിഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി. ഇതിന് മുന്‍പ് ആയുഷ്മാന്‍ ഭാരത് കേരളത്തില്‍ നടപ്പാക്കിയില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണെന്ന് ധനമന്ത്രി തോമസ് ഐസക്കും പ്രതികരിച്ചിരുന്നു.