കാര്യക്ഷമമായി ഭരണം നടത്താന്‍ കഴിയുന്നില്ലെങ്കില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ പുറത്തു പോകണം; കർണാടക ഭരണം ബിജെപി ഏറ്റെടുക്കും: യെദ്യൂരപ്പ

single-img
7 June 2019

കാര്യക്ഷമമായ രീതിയിൽ സംസ്ഥാനത്തിൽ ഭരണം നടത്താന്‍ കഴിയുന്നില്ലെങ്കില്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാര്‍ പുറത്തു പോകണമെന്ന് കർണാടക ബിജെപി അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പ. ഇപ്പോഴത്തെ സർക്കാർ മാറിയാൽ ഭരണം ബിജെപി ഏറ്റെടുക്കുമെന്നും, ഒരു കാരണത്താലും ഇടക്കാല തെരഞ്ഞെടുപ്പിന് തയ്യാറാവില്ലെന്നും യെദ്യൂരപ്പ അറിയിച്ചു. കർണാടകയുടെ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമി പാര്‍ട്ടി പ്രവര്‍ത്തകരോട് നിയമസഭാ തെരഞ്ഞെടുപ്പിന് സജ്ജരാകാന്‍ പറയുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

നിലവിൽ കർണാടകയിൽ ഭരണം നടത്തുന്ന എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറില്‍ ആര്‍ക്കും വിശ്വാസമില്ലെന്നും ഈ സര്‍ക്കാറിന് അധികം ആയുസില്ലെന്നും യെദ്യൂരപ്പ പറഞ്ഞു. ‘മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകന്‍പാർട്ടി പ്രവര്‍ത്തകരോട് തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ ആവശ്യപ്പെടുന്നു. ഒരു തരത്തിലും തെരഞ്ഞെടുപ്പ് നടക്കില്ലെന്ന് ഞാന്‍ പറയുന്നു.

കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന് ഒരു വര്‍ഷമേ ആയുള്ളൂ. നിലവിൽ ഞങ്ങള്‍ക്ക് 105 എംഎല്‍എമാരുണ്ട്. അവര്‍ക്ക് കഴിയുമെങ്കില്‍ അവര്‍ ഭരിക്കട്ടെ. അഥവാ കഴിയില്ലെങ്കില്‍ അവര്‍ പുറത്തു പോട്ടെ, ഞങ്ങള്‍ ഭരിച്ചോളാം’- യെദ്യൂരപ്പ പറയുന്നു.

‘ഒരു കാരണത്താലും തെരഞ്ഞെടുപ്പ് നടത്താന്‍ ഞങ്ങള്‍ അനുവദിക്കില്ല. അഞ്ച് വര്‍ഷത്തിന് ശേഷം മാത്രമേ ഇനി ഞങ്ങള്‍ തെരഞ്ഞെടുപ്പ് നടത്താന്‍ അനുവദിക്കുകയുള്ളു. ഇപ്പോഴുള്ള സര്‍ക്കാര്‍ ഉടന്‍ വീഴും, നമുക്കത് കാത്തിരുന്ന് കാണാം’- ഹുബ്ബള്ളിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ യെദ്യൂരപ്പ പറഞ്ഞു.