ഭരണകക്ഷിയായ ടിആര്‍എസുമായി ലയിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ 18ല്‍ 12 എംഎല്‍എമാര്‍; തെലുങ്കാനയില്‍ അപ്രതീക്ഷിത തിരിച്ചടിയില്‍ കോണ്‍ഗ്രസ്

single-img
6 June 2019

ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ തെലങ്കാനയില്‍ കോണ്‍ഗ്രസ് വീണ്ടും പ്രതിസന്ധിയിലേക്ക്. സംസ്ഥാനത്തെ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി ( ടിആര്‍എസ്) മായി ലയിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ 18ല്‍ 12 എം.എല്‍.എമാരും സ്പീക്കറെ കണ്ടു. എംഎല്‍എസ്ഥാനത്ത് ഇരിക്കെ പാര്‍ട്ടി മാറിയാല്‍ അയോഗ്യരാക്കപ്പെടുമെന്നിരിക്കെ, തങ്ങളുടെ വിമത പക്ഷത്തിന് ടിആര്‍എസുമായി ലയിക്കണമെന്നാണ് എംഎല്‍എമാരുടെ ആവശ്യം.

നിലവിലുള്ള നിയമ പ്രകാരം തെരഞ്ഞെടുക്കപ്പെട്ട ഏതൊരു രാഷ്ട്രീയ പാര്‍ട്ടിയുടേയും തെരഞ്ഞെടുക്കപ്പെട്ട മൂന്നില്‍ രണ്ട് അംഗങ്ങള്‍ തയ്യാറായാല്‍ ലയനം സാധ്യമാകും. ഇപ്പോള്‍ തന്നെ കോണ്‍ഗ്രസിന്റെ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ നേരത്തെ ടിആര്‍എസുമായി ലയിച്ചിട്ടുണ്ട്. അപ്പോള്‍ നാലില്‍ മൂന്ന് എംഎല്‍സിമാരും ടിആര്‍എസിനൊപ്പം പോവുകയാണുണ്ടായത്. തെലങ്കാനയിലെ കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റി പ്രസിഡന്റും ഹുസുര്‍നഗറിലെ എംഎല്‍എയുമായിരുന്ന ഉത്തം കുമാര്‍ റെഡ്ഡി സ്ഥാനം രാജി വെച്ചിരുന്നു.

അതോടെ 19ല്‍ നിന്ന് കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം 18 ആവുകയായിരുന്നു. ലയിക്കാന്‍ ആവശ്യമായ എംഎല്‍എമാരുടെ എണ്ണം കുറയാന്‍ ഇത് സഹായിക്കുകയും ചെയ്തു. വിമത എംഎല്‍എമാരുടെ ലയന തീരുമാനത്തിനെതിരെ നിയമസഭയിലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ ഉത്തം കുമാര്‍ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് എംഎല്‍എമാര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിപക്ഷത്തിന്‍റെ ശബ്ദം അടിച്ചമര്‍ത്താന്‍ വേണ്ടി ടിആര്‍എസ് പണം നല്‍കി എംഎല്‍എമാരെ സ്വാധീനിക്കുകയാണെന്ന് ഇവര്‍ കുറ്റപ്പെടുത്തി.