ഉച്ചയോടെ എത്തിച്ചിട്ടും ഡോക്ടര്‍മാര്‍ തിരിഞ്ഞുനോക്കിയില്ല; കോട്ടയം മെഡിക്കല്‍ കോളജിൽ എച്ച്‌വണ്‍എന്‍വണ്‍ പനി ബാധിച്ച രോഗി ചികിത്സ കിട്ടാതെ മരിച്ചെന്ന് പരാതി

single-img
5 June 2019

ഇന്ന് ഉച്ചയോടെ കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ച രോഗി ചികിത്സ കിട്ടാതെ മരിച്ചതായി പരാതി. എച്ച്‌വണ്‍എന്‍വണ്‍ പനി ബാധിച്ച് ആശുപത്രിയിലെത്തിയ 62കാരനായ ജേക്കബ് തോമസെന്ന കട്ടപ്പന സ്വദേശിയാണ് ചികിത്സ കിട്ടാതെ മരിച്ചത്.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്റര്‍ ഇല്ലാത്തതിനാല്‍ അധികൃതര്‍ മടക്കിയയച്ചുവെന്നാണ് ബന്ധുക്കളുടെ ആക്ഷേപം. എന്നാല്‍ അവിടെനിന്നും രോഗിയെയും കൊണ്ട് സ്വകാര്യ ആശുപത്രികളായ കാരിത്താസിലും മാതായിലും പോയെങ്കിലും അവിടെയും ഡോക്ടര്‍മാര്‍ തിരിഞ്ഞ് നോക്കിയില്ലെന്നും വെന്റിലേറ്റര്‍ ലഭ്യമായില്ലെന്നും മരിച്ചയാളുടെ മകള്‍ റെനി പറഞ്ഞു.

അതേ സമയംതന്നെ രോഗി മരിച്ചതിനെത്തുടര്‍ന്ന് ആശുപത്രി പിആര്‍ഒയെ ജേക്കബിന്റെ ബന്ധുക്കള്‍ മര്‍ദ്ദിച്ചുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സ്വകാര്യ ആശുപത്രികളും മടക്കി അയച്ചപ്പോള്‍ വൈകിട്ട് 4 മണിക്ക് തിരികെ വന്നിട്ടും പിന്നീടും മെഡിക്കല്‍ കോളജ് ചികിത്സിച്ചില്ലെന്ന് പരാതിയുണ്ട്. രണ്ട് മണിക്ക് വീണ്ടും ആശുപത്രിയില്‍ എത്തിച്ച രോഗിയെ ആംബുലന്‍സില്‍ തന്നെ കിടത്തിയെന്നാണ് പരാതി.