പാലാരിവട്ടം മേൽപ്പാലം അഴിമതി: അഞ്ചുപേർക്കെതിരെ വിജിലൻസ് കേസെടുത്തു

single-img
3 June 2019

പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തിലെ ക്രമക്കേടിൽ വിജിലന്‍സ് എഫ്.ഐ.ആര്‍. കോടതിയില്‍ നല്‍കി. റോഡ്സ് & ബ്രിഡ്ജസ് കോര്‍പ്പറേഷന്‍, കിറ്റ്കോ എന്നിവയിലെ ഉദ്യോഗസ്ഥരാണ് പ്രതിസ്ഥാനത്ത്. കരാര്‍ കമ്പനിയായ ആർഡിഎസിന്‍റെ എം.ഡിയടക്കം ആകെ അഞ്ചുപ്രതികളാണുള്ളത്. 

ക്രമക്കേടു നടന്നതായി വിജിലൻസ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്നാണ് എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ വിജിലൻസ് ഒരുങ്ങിയത്.

പാലത്തിന്റെ നിർമാണത്തിലെ പോരായ്മകൾ സംബന്ധിച്ചു ചെന്നൈ ഐഐടി റിപ്പോർട്ട് നൽകിയതിനു പിന്നാലെയാണു സർക്കാർ നിർദേശ പ്രകാരം വിജിലൻസ് പരിശോധന നടത്തുകയും വിദഗ്ദാഭിപ്രായം തേടുകയും ചെയ്തത്. നിർമാണ സാമഗ്രികളുടെ സാംപിൾ പരിശോധനയിലും നിർമാണത്തിലെ പോരായ്മകൾ കണ്ടെത്തിയിട്ടുണ്ട്.

വിജിലൻസ് ഡയറക്ടർ അനിൽ കാന്ത്, ഐജി എച്ച്.വെങ്കിടേഷ് എന്നിവർ കൊച്ചിയിലെത്തി അന്വേഷണ സംഘവുമായി കേസിന്റെ പുരോഗതി ചർച്ച ചെയ്തിരുന്നു. ഡിസൈനിലെ പോരായ്മ, അനുവദനീയമായ പരിധിയിൽ കൂടുതൽ ഗർഡറുകൾക്കു താഴേക്കു വലിച്ചിൽ, തൂണുകളുടെ ബെയറിങ്ങുകളുടെ തകരാർ, ആവശ്യത്തിനു സിമന്റും കമ്പിയും ഉപയോഗിക്കാതെയുളള നിർമാണം എന്നിവയാണു ഐഐടി പഠനത്തിൽ പാലത്തിന്റെ തകർച്ചയ്ക്കു കാരണമായി കണ്ടെത്തിയത്.

രൂപരേഖയിലെ പിഴവ് കിറ്റ്കോയും ആർബിഡിസികെയും കണ്ടെത്തിയില്ലെന്നതു വലിയ വീഴ്ചയാണെന്ന് മന്ത്രി ജി. സുധാകരൻ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.