മോദി സ്തുതി: എപി അബ്ദുള്ളക്കുട്ടിയെ കോൺഗ്രസ് പുറത്താക്കി

single-img
3 June 2019

പരസ്യമായി മോദി അനുകൂല പ്രസ്താവന നടത്തിയ എപി അബ്ദുള്ളകുട്ടിയെ കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ നിന്നും സത്വര പ്രാബല്യത്തോടെ പുറത്താക്കിയതായി കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.

കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടേയും പ്രവര്‍ത്തകരുടേയും പൊതുവികാരത്തിനും താല്പര്യങ്ങള്‍ക്കുമെതിരായി പ്രസ്താവനകളിറക്കിയും പ്രവര്‍ത്തിച്ചും വരുന്നതിനാലാണ് എ.പി.അബ്ദുള്ളകുട്ടിയെ പുറത്താക്കിയതെന്ന് പാർട്ടി നേതൃത്വം പത്രക്കുറിപ്പിലൂടെ അറിയിച്ചു. വിശദീകരണം ചോദിച്ചപ്പോൾ അതിന് തന്റെ നിലപാടില്‍ ഉറച്ചു നിന്നു കൊണ്ട് പരിഹാസപൂര്‍വമായ മറുപടി നല്‍കുകയാണ് അബ്ദുള്ളക്കുട്ടി ചെയ്തതെന്നും പത്രക്കുറിപ്പിൽ പറയുന്നു.

കൂടാതെ പാര്‍ട്ടിയുടെ അന്തസ്സിനേയും അച്ചടക്കത്തിനേയും ബാധിക്കുന്ന തരത്തില്‍ മാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ തരത്തില്‍ പ്രസ്താവനകള്‍ തുടരുകയും പാര്‍ട്ടിയുടെ സമുന്നതരായ നേതാക്കളെ പരസ്യമായി അവഹേളിക്കുകയും ചെയ്തു വരുന്ന സാഹചര്യത്തിലാണ് നടപടിയെന്നും കോൺഗ്രസ് നേതൃത്വം അറിയിച്ചു. അബ്ദുള്ളക്കുട്ടി ചില ബിജെപി നേതാക്കളുമായി ചർച്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്.

ലോക്സഭാ തെരെഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തിനുശേഷം ബിജെപിയെയും നരേന്ദ്ര മോദിയേയും പുകഴ്ത്തി രംഗത്തെത്തിയ അബ്ദുള്ളക്കുട്ടിയ്ക്കെതിരെ പാർട്ടി നേതാക്കളിൽനിന്നും അനുഭാവികളിൽ നിന്നും രൂക്ഷമാ‍യ വിമർശനമായിരുന്നു ഉയർന്നത്. എന്നാൽ തന്റെ നിലപാടിലുറച്ച് നിന്ന അബ്ദുള്ളക്കുട്ടി ഇന്നലെ ഫെയ്സ്ബുക്കിൽ മോദിയുടെ ഭരണനേട്ടങ്ങൾ വിശദീകരിച്ച് ഒരു പോസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

# നരേന്ദ്ര മോദിയുടെ മഹാവിജയത്തെ പറ്റിനരേന്ദ്രമോദിയുടെ അത്യുഗ്രൻ വിജയത്തെ കുറിച്ചുള്ള പല നിരീക്ഷണ ങ്ങളും പുറത്ത് വന്നു…

Posted by Ap Abdullakutty on Monday, May 27, 2019