പ്ലസ് വണ്‍ പരീക്ഷയില്‍ തോറ്റപ്പോള്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു; പുനര്‍മൂല്യ നിര്‍ണ്ണയത്തില്‍ ജയിച്ചതായി കണ്ടെത്തി

single-img
1 June 2019

പ്ലസ്‌വണ്‍ പരീക്ഷയില്‍ പരാജയപ്പെട്ട വിഷമത്തില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിനിയുടെ പരീക്ഷാ പേപ്പര്‍ പുനര്‍മൂല്യ നിര്‍ണ്ണയം നടത്തിയപ്പോള്‍ ജയിച്ചതായി കണ്ടെത്തി. തെലുങ്കാന സ്റ്റേറ്റ് ബോര്‍ഡ് ഓഫ് ഇന്റര്‍മീഡിയേറ്റ് എജുക്കേഷന്‍ ഫലം വന്ന ഏപ്രില്‍ മാസം 18നാണ് അര്‍തുലാ അനാമിക എന്ന വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത്.

തെലുങ്ക് ഭാഷയുടെ പരീക്ഷയില്‍ അനാമികയ്ക്ക് 100 ല്‍ 20 മാര്‍ക്കാണ് സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ കാണിച്ചിരുന്നത്. എന്നാല്‍ ഇന്ന് പുനര്‍മൂല്യ നിര്‍ണ്ണയത്തിന്റെ ഫലം വന്നപ്പോള്‍ ഈ കുട്ടിക്ക് 100 ല്‍ 48 മാര്‍ക്ക് ഉണ്ടെന്ന് അറിയുകയായിരുന്നു. അനാമികയുടെ ആത്മഹത്യ കഴിഞ്ഞ് 40 ദിവസങ്ങള്‍ക്ക് ശേഷം വന്ന ഈ ഫലം സഹോദരി ഉദയയാണ് നോക്കിയത്. ഹയര്‍സെക്കണ്ടറി റിസള്‍ട്ട് പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് തെലങ്കാനയില്‍ ഇക്കുറി 26 കുട്ടികളാണ് ആത്മഹത്യ ചെയ്തത്.

സംസ്ഥാനത്ത് ഒമ്പതര ലക്ഷം വിദ്യാര്‍ത്ഥികള്‍ ഇത്തവണ പ്ലസ്ടു പരീക്ഷയെഴുതിയെങ്കിലും ഫലം വന്നപ്പോള്‍ മൂന്നു ലക്ഷത്തിലേറെ കുട്ടികളായിരുന്നു പരാജയപ്പെട്ടത്. റിസള്‍ട്ട് വന്നതിനെ തുടര്‍ന്നുള്ള വിദ്യാര്‍ത്ഥികളുടെ കൂട്ട ആത്മഹത്യയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ മാര്‍ക്കുകള്‍ വീണ്ടും കൂട്ടിനോക്കാനും പുനര്‍ മൂല്യ നിര്‍ണ്ണയം നടത്താനും ഉത്തരവിടുകയായിരുന്നു.