‘നീയൊക്കെ തലപൊക്കിത്തുടങ്ങിയോ?’ ദളിത് ഓട്ടോ ഡ്രൈവറെ ജാതിപ്പേരു വിളിച്ചും മർദ്ദിച്ചും തിരുവല്ലം പൊലീസിന്റെ വിളയാട്ടം

single-img
31 May 2019

തിരുവനന്തപുരം: പ്രതിയായ യുവാവിനെ നടുറോഡിലിട്ട് മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത് വിവാദമായതിനു പിന്നാലെ തിരുവല്ലം പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്കെതിരെ പുതിയ പരാതി. വാഹന പരിശോധനയ്ക്കിടെ ദളിത് വിഭാഗത്തിൽപ്പെട്ട ഓട്ടോഡ്രൈവറെ ജാതിപ്പേരു വിളിച്ച് അധിക്ഷേപിക്കുകയും മർദ്ദിക്കുകയും ചെയ്തതായാണ് പരാതി.

കോവളം വെള്ളാർ സ്വദേശി ബിജു എന്നുവിളിക്കുന്ന രജീന്ദ്രന്(49) ആണ് പൊലീസിന്‍റെ മർദ്ദനത്തിൽ പരിക്കേറ്റത്. മേയ് 13-ന് രാത്രി 7 മണിക്ക് കോവളം പൊലീസ് പരിധിയിലെ അണ്ടർപാസ് ഭാഗത്ത് വാഹനപരിശോധന നടത്തുകയായിരുന്ന സംഘം ഓട്ടോ റിക്ഷയിൽ വരികയായിരുന്ന രജീന്ദ്രനെ കൈ കാണിച്ചു നിറുത്തി പരിശോധിക്കുന്നതിനിടയിലായിരുന്നു മർദ്ദനം.

വാഹനം റോഡിന്റെ ഒരു വശത്തേയ്ക്ക് ഒതുക്കി നിറുത്തി പൊലീസ് സംഘത്തിന് അടുത്തേക്ക് പോയ രജീന്ദ്രനോട് പൊലീസ് മദ്യപിച്ചിട്ടുണ്ടോയെന്ന് ചോദിക്കുകയും രാജേന്ദ്രൻ ഇല്ലെന്ന് മറുപടി പറയുകയും ചെയ്തു. ബ്രെത്ത് അനലൈസറിലേയ്ക്ക് ഊതാൻ ആവശ്യപ്പെട്ടപ്പോൾ രജീന്ദ്രൻ ഊതിയെങ്കിലും വീണ്ടും ശക്തിയിൽ ഊതാൻ ആവശ്യപ്പെട്ടു. മദ്യപിച്ചിട്ടില്ലെന്ന് മനസിലായപ്പോൾ നിന്‍റെ  വണ്ടിക്ക് ബ്രേക്ക് ഇല്ലേന്ന് ചോദിച്ച് അസഭ്യം പറയുകയായിരുന്നെന്ന് രജീന്ദ്രൻ പറഞ്ഞു. അസഭ്യം പറയുന്നത് ചോദ്യം ചെയ്ത രജീന്ദ്രനെ വാഹനപരിശോധന സംഘത്തിലെ എഎസ്ഐ രാജേന്ദ്രൻ, രജീന്ദ്രന്‍റെ കരണത്തടിക്കുകയായിരുന്നു.  താൻ ഏത് സമുദായകാരൻ ആണെന്ന് എഎസ്ഐ ചോദിച്ചപ്പോൾ താൻ ദളിത് വിഭാഗത്തിൽപ്പെട്ടയാളാണെന്ന് രാജേന്ദ്രൻ മറുപടി പറഞ്ഞു. ‘നീയൊക്കെ തലപൊക്കി തുടങ്ങിയോ‘യെന്ന് ചോദിച്ച് എഎസ്ഐ വീണ്ടും അസഭ്യം വിളിച്ചു എന്ന് രജീന്ദ്രൻ പറയുന്നു.

ഇതിനിടെ സ്ഥലത്തെത്തിയ തിരുവല്ലം എസ്.ഐ വിമല്‍കുമാര്‍ രജീന്ദ്രനെ ജീപ്പില്‍ കയറ്റി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയി. താന്‍ പൊതു പ്രവര്‍ത്തകനാണെന്നും വാഴമുട്ടം സര്‍ക്കാര്‍ സ്‌കൂളിലെ പി.ടി.എ വൈസ് പ്രസിഡന്റ് ആണെന്നും പറഞ്ഞപ്പോള്‍ പൊലീസിനെ വാഹനപരിശോധനയ്ക്കിടെ ഇടിച്ചു കൊല്ലാന്‍ ശ്രമിച്ചെന്ന് കാട്ടി കേസെടുക്കുമെന്നും ജയിലില്‍ അടയ്ക്കുമെന്നും പറഞ്ഞ് രജീന്ദ്രനെ എസ്ഐ ഭീഷണിപ്പെടുത്തി.

വഴിയിൽ വെച്ച് ജീപ്പിൽ കയറിയ പൊലീസ് ഉദ്യോഗസ്ഥനോട് എഎസ്ഐയെ വണ്ടി ഇടിച്ചു കൊല്ലാൻ ശ്രമിച്ച ആളാണ് രജീന്ദ്രൻ എന്ന് എസ്ഐ പറഞ്ഞതായും തുടര്‍ന്ന് ആ പൊലീസ് ഉദ്യോഗസ്ഥൻ വയറ്റിൽ ലാത്തി കൊണ്ട് കുത്തിയെന്നും രജീന്ദ്രൻ പറയുന്നു. സ്റ്റേഷനിലെത്തിച്ച രജീന്ദ്രനെ വീണ്ടും പൊലീസ് ഉദ്യോഗസ്ഥർ കരണത്തടിച്ചു. 

മർദനം സംബന്ധിച്ച് പരാതി നൽകിയാൽ വീട്ടിൽ കയറി മർദിക്കുമെന്നും കേസെടുത്ത് ജയിലിൽ ആക്കുമെന്നും എസ്.ഐ വിമൽ പറഞ്ഞതായി രജീന്ദ്രൻ പറയുന്നു. തുടര്‍ന്ന് അമിതവേഗത്തിന് 500 രൂപ പെറ്റി അടിച്ച ശേഷം രജീന്ദ്രനെ വിടുകയായിരുന്നു. സംഭവം സംബന്ധിച്ച് രജീന്ദ്രൻ സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ കമീഷണർക്ക് പരാതി നൽകിയത് അറിഞ്ഞ് ഒരു റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനെ എസ്ഐ ഒത്തുതീർപ്പ് ചർച്ചയ്ക്ക് അയച്ചതായി രജീന്ദ്രൻ പറഞ്ഞു. തിരുവനന്തപുരം ജനറൽ ആശുപത്രി ഈഎൻടി വിഭാഗത്തിൽ ഇപ്പോൾ ചികിത്സയിലാണ് രജീന്ദ്രൻ.