കെ മുരളീധരനെ കേന്ദ്രമന്ത്രി വി മുരളീധരനാക്കി ദേശീയ വാര്‍ത്താ ഏജന്‍സി; ട്രോളുമായി സോഷ്യല്‍ മീഡിയ

single-img
31 May 2019

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആകെ ട്രോളുകളായി കോണ്‍ഗ്രസ് നേതാവും വടകര എംപിയുമായ കെ മുരളീധരന്‍റെ ചിത്രങ്ങള്‍ പ്രചരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ സ്വതന്ത്ര വാർത്താ ഏജൻസിയായ ഐഎഎൻഎസിന് ട്വിറ്ററില്‍ പറ്റിയ അബദ്ധമാണ് ഇതിന്റെ കാരണം. രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയിൽ ഇടം നേടിയ വിമുരളീധരന് പകരം കെമുരളീധരന്‍റെ ചിത്രം നൽകിയതാണ് പരിഹാസം ഏറ്റുവാങ്ങാന്‍ കാരണം.

ഐഎഎസിന്‍റെ ഔദ്യോഗിക ട്വിറ്റർ പേജിലാണ് അബദ്ധം സംഭവിച്ചത്. കെ മുരളീധരന്‍റെ പോസ്റ്റിനെ പരിഹസിച്ച് നിരവധി പേർ രംഗത്തതെത്തിയതോടെയാണ് തങ്ങൾക്ക് പറ്റിയ കൈയബദ്ധം ഏജന്‍സി തിരിച്ചറിഞ്ഞത്. അതേസമയം കെ മുരളീധരൻ വടകര എംപിയാണെന്ന് പറഞ്ഞ് വാർത്താ ഏജൻസിയെ ചിലര്‍ തിരുത്തി.

എന്നാല്‍ ‘ഇങ്ങേരും മറു കണ്ടം ചാടിയോ’ എന്ന ചോദ്യവുമായി കളിയാക്കിയവരും ധാരാളം. മുന്‍പ് വി മുരളീധരനൊപ്പം കുമ്മനം രാജശേഖരനും അൽഫോൺസ് കണ്ണന്താനവും കേന്ദ്രമന്ത്രിയാകാനുള്ള സാധ്യതാ പട്ടികയിലുണ്ടായിരുന്നു. പക്ഷെ അവസാന നിമിഷം നറുക്ക് വി മുരളീധരന് വീഴുകയായിരുന്നു.