ചെയര്‍മാനാണെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പിജെ ജോസഫ് കത്തയച്ചു; ജോസഫ് വിഭാഗത്തിനെതിരെ പത്രസമ്മേളനവുമായി മാണി വിഭാഗം

single-img
29 May 2019

കേരളാ കോണ്‍ഗ്രസിലെ ആഭ്യന്തര ഭിന്നത രൂക്ഷമാക്കി ജോസഫ് വിഭാഗത്തിനെതിരെ പത്രസമ്മേളനം വിളിച്ച് മാണി വിഭാഗം. പാര്‍ട്ടി എംഎല്‍എമാരായ റോഷി ആഗസ്റ്റിനും, ഡോ. എന്‍ ജയരാജുമാണ് ജോസഫ് വിഭാഗത്തിനെതിരെ പരസ്യമായി രംഗത്തെത്തിയത്. സംസ്ഥാന കമ്മിറ്റികള്‍ വിളിച്ചു ചേര്‍ത്ത് ചെയര്‍മാനെ തിരഞ്ഞെടുക്കണമെന്ന് മാണി വിഭാഗം ആവശ്യപ്പെടുന്നതിനിടെ പിജെ ജോസഫ് ചെയര്‍മാനാണെന്ന് കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചതാണ് പെട്ടെന്നുള്ള പ്രകോപന കാരണം.

പിജെ ജോസഫ് കമ്മീഷന് കത്ത് നല്‍കിയിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമായ കാര്യമാണെന്ന് പത്രസമ്മേളനത്തില്‍ എംഎല്‍എമാര്‍ വ്യക്തമാക്കി. എന്നാല്‍ ജോസഫ് കത്ത് നല്‍കിയോ എന്നറിയില്ല, മാധ്യമങ്ങളിലൂടെയാണ് ഈ വിവരം അറിയുന്നത്. പിജെ ജോസഫ് അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ലെന്നും റോഷി അഗസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയുടെ ചെയര്‍മാനെ തിരഞ്ഞെടുക്കാന്‍ സംസ്ഥാന സമിതിക്കാണ് അധികാരമെന്ന് എംഎല്‍എമാര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

പാര്‍ട്ടിയുടെ പുടതിയ ചെയര്‍മാനെയും നിയമസഭ കക്ഷി നേതാവിനേയും തിരഞ്ഞെടുക്കാന്‍ സംസ്ഥാന കമ്മിറ്റി വിളിക്കണമെന്ന് മാണി വിഭാഗം വര്‍ക്കിങ് ചെയര്‍മാന്‍ പിജെ ജോസഫിന് കത്ത് നല്‍കി. എന്നാല്‍ സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ത്താല്‍ ഭൂരിഭാഗം അംഗങ്ങളും ജോസ് കെ മാണിയെ പിന്തുണയ്ക്കും എന്നതിനാല്‍ സംസ്ഥാന കമ്മിറ്റി ഒഴിവാക്കി പാര്‍ലമെന്ററി പാര്‍ട്ടിയോ ഉന്നതാധികാര സമിതിയോ വിളിച്ചു ചേര്‍ക്കാനാണ് ജോസഫ് വിഭാഗത്തിന്റെ നീക്കം. ചര്‍ച്ചകളില്‍ സമവായമില്ലെങ്കില്‍ ഭൂരിപക്ഷത്തിന്റെ അഭിപ്രായം സ്വീകരിക്കണമെന്നാണ് ഇന്നു വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലും റോഷി അഗസ്റ്റിന്‍ മുന്നോട്ടു വെയ്ക്കുന്നത്.