രോഗികളുടെ ജാതകം നോക്കിയശേഷം ചികിത്സയുമായി ആശുപത്രി; ‘പുതിയ ഇന്ത്യയ്ക്ക് സ്വാഗതം’ എന്ന് സോഷ്യല്‍ മീഡിയ ട്രോള്‍

single-img
29 May 2019

രാജസ്ഥാൻ തലസ്ഥാനമായ ജയ്പ്പൂരിലെ യുണീക്ക് സംഗീത മെമ്മോറിയല്‍ ആശുപത്രി രോഗ നിർണ്ണയത്തിനായി ഉപയോഗിക്കുന്നത് രോഗികളുടെ ജാതകം. ഇത്തരത്തിലുള്ള ചികിത്സയില്‍ ആശുപത്രിയിൽ എത്തുന്ന രോഗികളും തൃപ്തരാണെന്ന് ആശുപത്രിയുടെ അധികൃതരും അവകാശപ്പെടുന്നു. ജാതകം പരിശോധിക്കുന്നതിലൂടെ രോഗനിര്‍ണ്ണയം കൃത്യമാണെന്നാണ് ആശുപത്രിയിലെ ഡോക്ടര്‍ എ ശര്‍മ്മ അവകാശപ്പെടുന്നത്.

രോഗം കണ്ടെത്തുന്നതിനാണ് ജ്യോതിഷത്തെയും മെഡിക്കല്‍ സയന്‍സിനെയും ഒരു പോലെ ആശ്രയിക്കുന്നത്. ചികിത്സകൾ ചെയ്യുന്നത് വൈദ്യശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയാണെന്നും ഡോക്ടര്‍ അവകാശപ്പെട്ടു. ആശുപത്രിയിൽ ഓരോ ദിവസവും 25 മുതല്‍ 30 വരെ ജാതകങ്ങളാണ് പരിശോധിക്കുന്നതെന്നും രോഗ നിര്‍ണ്ണയത്തിനായി ജ്യോതിഷത്തെ ഉപയോഗിക്കുന്നതിനാല്‍ രോഗനിര്‍ണ്ണയം കൃത്യമാണെന്നും സമയനഷ്ടമില്ലെന്നും ഡോക്ടര്‍ അവകാശപ്പെട്ടതായി എന്‍ഐയാണ് റിപ്പോർട്ട് ചെയ്തത്.

ജാതക പരിശോധനാ ചികിത്സയുടെ വാർത്ത പുറത്തുവന്ന പുറകേ നിരവധിപേരാണ് രംഗത്തെത്തിയത്. സോഷ്യൽ മീഡിയയിൽ ചിലര്‍ ഇത് രാജ്യത്തിന്റെ ശിലയുഗത്തിലേക്കുള്ള മടക്കമെന്ന് പറഞ്ഞപ്പോള്‍ ചിലര്‍ ‘ പുതിയ ഇന്ത്യയ്ക്ക് സ്വാഗതം ‘ എന്നാണ് ട്രോളിയത്. സംസ്ഥാന മുഖ്യമന്ത്രി അശോക് ഗെലോട്ടിനും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനോടും അടിയന്തിരമായി വിഷയത്തില്‍ ഇടപെടണമെന്നും ചിലര്‍ ആവശ്യപ്പെട്ടുന്നു.