ശബരിമല സ്വർണം, വെള്ളി കണക്കുകളിലെ വിവാദം; ദേവസ്വം മന്ത്രി വിശദീകരണം തേടി

single-img
26 May 2019

ശബരിമല ക്ഷേത്രത്തില്‍ വഴിപാടായി കിട്ടിയ സ്വര്‍ണത്തെ ചൊല്ലി പുറത്തുവന്ന പുതിയ വിവാദത്തില്‍ ദേവസ്വം പ്രസിഡന്‍റിന്‍റെ വിശദീകരണം തേടിയിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അവിടെ നിനും നാളെ രാവിലെ വിശദീകരണം കിട്ടും. ഇപ്പോഴുണ്ടായ വിവാദത്തില്‍ എല്ലാ രീതിയിലുള്ള പരിശോധനയും നടക്കട്ടെ എന്നും വീഴ്ച ഉണ്ടെന്ന് കണ്ടെത്തിയാൽ കർശനമായ നടപടി ഉണ്ടാകുമെന്നും കടകംപള്ളി അറിയിച്ചു.

എന്നാല്‍ ശബരിമലയിലേത് തീര്‍ത്തും അനാവശ്യമായ വിവാദമാണെന്നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാറിന്‍റെ വാദം. ഈ വാര്‍ത്തകള്‍ക്ക് പിന്നില്‍ ഒരു ഉദ്യോഗസ്ഥനാണ്. ശബരിമലയില്‍ നിന്നും ഒരു തരി സ്വര്‍ണം പോലും നഷ്ടപ്പെട്ടില്ല. അഥവാ ഉണ്ടെങ്കില്‍ കര്‍ശന നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുന്‍പ് ദേവസ്വം ബോര്‍ഡില്‍ നിന്നും വിരമിച്ചിട്ടും ആനുകൂല്യങ്ങള്‍ ലഭിക്കാത്ത ഒരു ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഓഡിറ്റിംഗിന് അനുകൂലമായ സാഹചര്യമുണ്ടായത്. മോഹനന്‍ എന്ന്‍ പേരുള്ള ഈ ഉദ്യോഗസ്ഥന്‍ തന്‍റെ ചുമതല കൈമാറാത്തതിനാലാണ് ദേവസ്വം ബോര്‍ഡ് ആനുകൂല്യങ്ങള്‍ നിഷേധിച്ചത്. ഈ നടപടി മൂലം ചുമതല കൈമാറും മുന്‍പ് ഓഡിറ്റിംഗ് നടത്തണമെന്ന് ചട്ടം പാലിച്ചാണ് നാളെ സ്ട്രോംഗ് റൂം തുറന്ന് പരിശോധിക്കുക്കുന്നതെന്നും ദേവസ്വം ബോര്‍ഡ‍് പ്രസിഡന്‍റ് പറഞ്ഞു.

നിലവില്‍ വഴിപാടായി ഭക്തര്‍ സമര്‍പ്പിച്ച സ്വര്‍ണം, വെള്ളി എന്നിവയുടെ അളവ് സംബന്ധിച്ചാണ് ആശയക്കുഴപ്പം നിലനില്‍ക്കുന്നത്. ഇവയുടെ കണക്കെടുപ്പില്‍ നാല്‍പ്പത് കിലോ സ്വര്‍ണം, നൂറ് കിലോയിലേറെ വെള്ളി എന്നിവയുടെ കുറവ് കണ്ടെത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.