യുഎഇയിലെ പ്രവാസികള്‍ക്ക് ഇരുട്ടടി

single-img
24 May 2019

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഈ വര്‍ഷം അവസാനം വരെ മൂന്നിരട്ടിയിലേറെ വര്‍ധിക്കും. ഇന്ത്യയിലേക്കുള്ള ജെറ്റ് എയര്‍വേയ്‌സ് സര്‍വീസ് നിര്‍ത്തിവച്ചതും എയര്‍ ഇന്ത്യയുടെ 250ലേറെ യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന ഡ്രീംലൈനര്‍ പാതിവഴിയിലായതുമാണ് വലിയ രീതിയില്‍ ടിക്കറ്റ് നിരക്ക് ഉയരാന്‍ ഇടയായത്.

കൊച്ചിയിലേക്കുള്ള വണ്‍വേ ടിക്കറ്റിന് നിലവില്‍ 1600 മുതല്‍ 1700 ദിര്‍ഹം വരെയാണ് നിരക്ക്. വരും ദിനങ്ങളില്‍ ഇത് കൂടാനാണ് സാധ്യത. കഴിഞ്ഞ ദിവസം ദുബായില്‍ നിന്ന് കൊച്ചിയിലേയ്ക്ക് എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് വണ്‍വേയ്ക്ക് 950 ദിര്‍ഹമായിരുന്നു ടിക്കറ്റ് നിരക്ക്.

സാധാരണ നാളുകളില്‍ 250 ദിര്‍ഹം മുതല്‍ ടിക്കറ്റുകള്‍ ലഭ്യമാകാറുണ്ട്. ജൂണ്‍ പകുതിയോടെ വേനലവധിക്ക് യുഎഇയില്‍ സ്‌കൂള്‍ അടക്കുന്നതോടെ കുടുംബങ്ങള്‍ നാട്ടിലേക്ക് പോകും. അപ്പോഴും ടിക്കറ്റ് നിരക്ക് വര്‍ധിക്കാനാണ് സാധ്യത.

ജെറ്റ്, ഇന്‍ഡിഗോ വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിയതിനാല്‍ കേരളത്തോടൊപ്പം ഇതര കേന്ദ്രങ്ങളിലേക്കും ടിക്കറ്റ് നിരക്ക് വര്‍ധിച്ചിട്ടുണ്ട്. കൊച്ചിയിലേക്ക് ഒരു വര്‍ഷം മുന്‍പാണ് ജെറ്റ് എയര്‍വേയ്‌സ് സര്‍വീസ് നിര്‍ത്തിവച്ചത്. റമസാന്‍, പെരുന്നാള്‍, ക്രിസ്മസ്, ഓണം തുടങ്ങിയ വിശേഷ നാളുകളില്‍ കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വര്‍ധിക്കാറുണ്ട്.

സ്‌കൂള്‍ അടച്ച് യുഎഇയിലെത്തുന്ന കുടുംബങ്ങള്‍ നേരത്തെ തന്നെ മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് എടുത്താണ് വരാറ്. ജൂണ്‍ ആദ്യം നാട്ടില്‍ വിദ്യാലയങ്ങള്‍ തുറക്കുന്നതിനാല്‍ തിരിച്ചുപോകുന്നവര്‍ ഏറെയായതിനാല്‍ മിക്ക വിമാനങ്ങളിലും ഇപ്പോള്‍ തന്നെ നിറയെ യാത്രക്കാരാണെന്ന് ദുബായിലെ അല്‍ അഹ് ലി ട്രാവല്‍സ് പ്രതിനിധി പറഞ്ഞു.

എയര്‍ ഇന്ത്യയുടെ വലിയ വിമാനമായ ഡ്രീം ലൈനര്‍ സര്‍വീസ് റദ്ദാക്കിയതാണ് എയര്‍ ഇന്ത്യ ടിക്കറ്റ് നിരക്ക് കൂട്ടാന്‍ പ്രധാനമായും കാരണമെന്ന് പറയുന്നു. ഇന്ത്യ–പാക് പ്രശ്‌നം രൂക്ഷമായതോടെ പാക്കിസ്ഥാന്‍ എയര്‍സ്‌പേസ് അടച്ചതാണ് ഡ്രീം ലൈനര്‍ സര്‍വീസ് നിര്‍ത്തിവയ്ക്കാനിടയാക്കിയത്.

ഡ്രീംലൈനര്‍ പാക്കിസ്ഥാന് മുകളിലൂടെ പറന്നായിരുന്നു സര്‍വീസ് നടത്തിയിരുന്നത്. എന്നാല്‍ എയര്‍ സ്‌പേസ് അടച്ചതോടെ സാധാരണയിലും ഏഴോളം മണിക്കൂറുകള്‍ അധികമായി പറക്കേണ്ടി വരുമെന്നതിനാല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കാതെ വഴിയില്ലായിരുന്നു. ഡ്രീംലൈനറിന്റെ ജീവനക്കാര്‍ മറ്റു വിമാനങ്ങളില്‍ ജോലി ചെയ്യാത്തതിനാല്‍ ചെറു വിമാനങ്ങള്‍ അധിക സര്‍വീസ് നടത്താനും സാധിക്കാതെയായി. എന്നാല്‍, ഈ മാസം 30ന് എയര്‍സ്‌പേസ് വീണ്ടും തുറക്കുമെന്നാണ് പാക്കിസ്ഥാന്‍ അറിയിച്ചിരിക്കുന്നത്. എങ്കില്‍ വൈകാതെ സര്‍വീസ് പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.

കടപ്പാട്: മനോരമ