തെരഞ്ഞെടുപ്പിന് ശേഷവും തമ്മിലടി; കേരളാ കോണ്‍ഗ്രസില്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് താന്‍ തന്നെയെന്ന് പിജെ ജോസഫ്

single-img
24 May 2019

തെരഞ്ഞെടുപ്പിലെ പാർട്ടി സ്ഥാനാർത്ഥി ജയത്തിന് ശേഷവും കേരളാ കോണ്‍ഗ്രസില്‍ തമ്മിലടി തുടരുന്നു . സംസ്ഥാന നിയമസഭ ചേരുമ്പോള്‍ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സ്ഥാനത്തേക്ക് സ്വാഭാവികമായും താന്‍ തന്നെ വരുമെന്ന് കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ പിജെ ജോസഫ് പറഞ്ഞു. നിയമസഭാ കക്ഷി നേതാവിന്റെ മരണമുണ്ടായാല്‍ ഡെപ്യൂട്ടി ലീഡറാണ് പകരം ആ സ്ഥാനത്തേക്ക് എത്തുക. ജോസഫിനെ തടയാനും നേതൃ സ്ഥാനം നിലനിര്‍ത്താനും സംസ്ഥാന സമിതി വിളിക്കണമെന്ന ജോസ് കെ മാണി പക്ഷത്തിന്റെ ആവശ്യം വീണ്ടും പിജെ ജോസഫ് തള്ളി.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി തോമസ് ചാഴിക്കാടന് വേണ്ടി പ്രവര്‍ത്തിച്ചതില്‍ ഫലം കണ്ടെന്നും പിജെ ജോസഫ് പറഞ്ഞു. ഇപ്പോള്‍ പാര്‍ട്ടിയുടെ നിയമസഭാ കക്ഷി ഉപനേതാവ് സ്ഥാനം താനാണ് വഹിക്കുന്നത്. പാര്‍ട്ടി നേതാവിന്റെ മരണമുണ്ടായത്‌ കൊണ്ട് ആ സ്ഥാനത്തേക്ക് സ്വാഭാവികമായും താനെത്തുമെന്നും ജോസഫ് പറയുന്നു. കോട്ടയത്തെ പാര്‍ട്ടിയുടെ ലോക്സഭാ സ്ഥാനാര്‍ഥി തോമസ് ചാഴിക്കാടനായി താന്‍ പാര്‍ട്ടി പറഞ്ഞയിടങ്ങളിലൊക്കെ പ്രവര്‍ത്തിച്ചു. കേരളത്തില്‍ പൊതുവേ ഉണ്ടായ രാഹുല്‍ തരംഗവും കെഎം മാണിയുടെ മരണവും ഭൂരിപക്ഷം കൂടാന്‍ ഘടകങ്ങളായി എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

അതേസമയം, എന്ത് വിലകൊടുത്തും സംസ്ഥാന സമിതി വിളിക്കണമെന്നാണ് ജോസ് കെ മാണിയുടെ ആവശ്യമെങ്കിലും അതിനുള്ള സാഹചര്യമിപ്പോഴില്ലെന്ന് പിജെ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. പാര്‍ട്ടിയുടെ നിയന്ത്രണം പിടിക്കാന്‍ ഇരുപക്ഷവും നീക്കങ്ങള്‍ സജീവമാക്കുന്ന സാഹചര്യത്തിലാണ് പിജെയുടെ ഈ പ്രസ്താവന.