“ഞാൻ ഇത് അംഗീകരിക്കുന്നില്ല” ; ബിജെപിയുടെ ബംഗാളിലെ വിജയത്തിൽ കവിതയിലൂടെ പ്രതികരണവുമായി മമത ബാനര്‍ജി

single-img
24 May 2019

തെരഞ്ഞെടുപ്പ് ഫലം ഒദ്യോഗികമായി പുറത്തു വന്നതിന് പിന്നാലെ ബംഗാളില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയത്തില്‍ ആശങ്ക പ്രകടിപ്പിച്ചുള്ള കവിത പങ്കു വെച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. “ഞാന്‍ ഇത് അംഗീകരിക്കുന്നില്ല” എന്ന പേരിലുള്ള കവിത ട്വിറ്ററിലാണ് മമത പങ്കു വെച്ചത്. പശ്ചിമ ബംഗാളില്‍ ഉയര്‍ന്നു വന്ന നവോത്ഥാനത്തിന്റെ സേവകയാണ് ഞാന്‍. മതത്തിന്റെ പേരില്‍ പ്രകോപനം വില്‍ക്കുന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. കവിതയില്‍ പറയുന്നു.

ജയ്ശ്രീം രാം എന്ന മുദ്രാവാക്യം വിളിച്ച് കൊണ്ടായിരുന്നു ബിജെപി ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നയിച്ചത്. ചരിത്രത്തില്‍ ആദ്യമായി ബംഗാളില്‍ രണ്ടക്കം കടന്ന ബിജെപി 18 സീറ്റുകള്‍ സ്വന്തമാക്കി. അതേസമയം, 34 സീറ്റുകളുണ്ടായ മമതയുടെ ത്രിണമൂല്‍ കോണ്‍ഗ്രസിന് നേടാനായത് വെറും 22 സീറ്റുകളാണ്. പ്രചാരണത്തിനായി മോദിയും അമിത് ഷായും തെരഞ്ഞെടുപ്പ് സമയത്ത് കൂടുതല്‍ സമയവും ബംഗാളിലായിരുന്നു ചെലവഴിച്ചത്.

ഇരുവരും 15 വീതം റാലികളാണ് ബംഗാളില്‍ നടത്തിയത്. പശ്ചിമ ബംഗാളില്‍ വര്‍ധിച്ച് വരുന്ന മുസ്‌ലിം ജനസംഖ്യ ചൂണ്ടിക്കാട്ടി ഹിന്ദു വോട്ടുകള്‍ ഏകോപിപ്പിക്കാനാണ് ബിജെപി ശ്രമിച്ചത്.ഇത്തവണ തെരഞ്ഞെടുപ്പ് ഫലസൂചനകള്‍ പുറത്തുവന്നതിന് പിന്നാലെ മമത വിജയികള്‍ക്ക് അഭിനന്ദനം അറിയിച്ചിരുന്നു. തെരഞ്ഞെടുക്കപ്പെട്ട എല്ലാ വിജയികള്‍ക്കും അഭിനന്ദനം.. എന്നാല്‍ പരാജയപ്പെട്ടവരെല്ലാം യഥാര്‍ത്ഥത്തില്‍ പരാജയപ്പെട്ടവരല്ല എന്നായിരുന്നു മമതയുടെ വാക്കുകള്‍.