സൗദി നഗരങ്ങളെയും വിമാനത്താവളങ്ങളെയും ലക്ഷ്യമിട്ട് നിരവധി മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍

single-img
22 May 2019

രാജ്യത്തെ എണ്ണ പൈപ്പ്‌ലൈന്‍ ആക്രമണങ്ങള്‍ക്കു പിന്നില്‍ ഇറാനും ഹൂതികളും ആണെന്നുള്ള ആരോപണം സൗദി ശക്തമാക്കുന്നതിനിടെ സൗദി അറേബ്യക്കെതിരെ ഹൂതികളുടെ ആക്രമണം തുടരുകയാണ്. ബുധനാഴ്ച പുലര്‍ച്ചെയും സൗദി നഗരമായ നജ്രാനിലെ എയര്‍പോര്‍ട്ടിനെതിരെ ആക്രമണം നടന്നുവെന്നാണ് ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ ഒരാഴ്ചയായി സൗദി നഗരങ്ങളെയും വിമാനത്താവളങ്ങളെയും ലക്ഷ്യമിട്ട് നിരവധി മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളാണ് ഹൂതി വിമതര്‍ നടത്തിയത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ സൗദി നഗരങ്ങളെ ലക്ഷ്യമിട്ട് 230 ലേറെ മിസൈലുകളാണ് ഹൂതി വിമതര്‍ പ്രയോഗിച്ചത്.

ഇതില്‍ ഭൂരിഭാഗവും അമേരിക്കയുടെ പാട്രിയറ്റ് മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ സഹായത്തോടെ തകര്‍ത്തു. യെമനിലെ വിമതര്‍ക്കു നേരെ സൗദി നേതൃത്വത്തിലുള്ള സഖ്യസേനയും തിരിച്ചടിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മക്കയും താഇഫും ലക്ഷ്യമാക്കിയെത്തിയ മിസൈല്‍ സൗദി തകര്‍ത്തു.

സൗദിയിലെ മക്കയും ജിദ്ദയും ലക്ഷ്യമാക്കി എത്തിയ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ സൗദി ആകാശത്ത് വച്ച് തന്നെ തകര്‍ക്കുകയായിരുന്നുവെന്ന് അല്‍ അറേബ്യ റിപ്പോര്‍ട്ട് ചെയ്തു. മിസൈല്‍ പ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് യമന്‍ അതിര്‍ത്തിയില്‍ നിന്നെത്തിയ മിസൈല്‍ സൗദി തകര്‍ത്തത്.

നേരത്തെ, സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ എണ്ണ ഉല്‍പ്പാദക കേന്ദ്രത്തില്‍ നിന്ന് റിഫൈനറികള്‍ പ്രവര്‍ത്തിക്കുന്ന യാമ്പുവിലക്ക് എണ്ണ പമ്പു ചെയ്യുന്ന സ്റ്റേഷനുകള്‍ക്കു നേരെ ഭീകരാക്രമണം നടന്നിരുന്നു. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്വം ഇറാനും ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ക്കുമാണെന്നുമാണ് സൗദി അറേബ്യ ആരോപിക്കുന്നത്. ഈ മാസം മക്കയില്‍ ചേരുന്ന ജിസിസി യോഗം ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണിയെപ്പറ്റി ചര്‍ച്ച ചെയ്യും.