സൗദിയിൽ മലയാളി യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റാനുള്ള കോടതി വിധി: അപ്പീലുമായി സോഷ്യൽ ഫോറം

single-img
22 May 2019

സൗദിയില്‍ മോഷണക്കേസില്‍ പ്രതിയാക്കപ്പെട്ട മലയാളി യുവാവിന്റെ വലത് കൈപ്പത്തി മുറിച്ചുമാറ്റാനുള്ള വിധിക്കെതിരേ അപ്പീല്‍ നല്‍കി. സോഷ്യല്‍ ഫോറത്തിന്റെ സഹായത്തോടെയാണ് മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. പ്രതിയായ ആലപ്പുഴ സ്വദേശിയായ യുവാവ് കഴിഞ്ഞ ആറുമാസമായി ജയിലില്‍ കഴിയുകയാണ്.

കൈ മുറിക്കാനുള്ള വിധി എങ്ങനെയെങ്കിലും മാറ്റി രക്ഷപ്പെടുത്തണമെന്ന് അഭ്യര്‍ഥിച്ച് നാട്ടിലുള്ള മാതാവും അസീറിലെ സുഹൃത്തുക്കളും ഇന്ത്യന്‍ സോഷ്യല്‍ ഫോറം അബഹ നേതൃത്വത്തെ സമീപിച്ചിരുന്നു. സോഷ്യല്‍ ഫോറം എക്‌സിക്യൂട്ടീവ് മെംബറും സിസിഡബ്ല്യൂഎ മെംബറുമായ സൈദ് മൗലവി ഖമീസ് മുശൈത്ത് ക്രിമിനല്‍ കോടതി ജഡ്ജിയുടെ ചേംബറില്‍നിന്ന് വിധിയുടെ പകര്‍പ്പ് കൈപ്പറ്റി.

റമദാന്‍ 17നകം അപ്പീലിന് പോവാന്‍ കോടതി ഇതില്‍ അനുവാദം നല്‍കുന്നതായി കണ്ടെത്തിയിരുന്നു. നിയമവിദഗ്ദരുമായും സൗദി അഡ്വക്കേറ്റുമായും സൈദ് മൗലവി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം അപ്പീല്‍ തയ്യാറാക്കി വിവരങ്ങള്‍ ജിദ്ദ കോണ്‍സുലേറ്റിനെ അറിയിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ ജിദ്ദയിലെ കോണ്‍സുല്‍ വെല്‍ഫയര്‍ ഡോക്ടര്‍ അലീമും മറ്റൊരു ഉദ്യോഗസ്ഥനായ ഫൈസലും അടിയന്തരമായി കഴിഞ്ഞ ദിവസം അബഹയിലെത്തുകയും സൈദ് മൗലവിയോടൊപ്പം ജയിലില്‍ പോയി യുവാവിനെ സന്ദര്‍ശിക്കുകയും ജയില്‍ മേധാവിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

പിന്നീട് ഖമീസ് മുശൈതിലെ ക്രിമിനല്‍ കോടതിയിലെ ചീഫ് ജസ്റ്റിസിന്റെ ചേമ്പറില്‍ അപ്പീല്‍ സമര്‍പ്പിച്ചു. അബഹ അസിസ്റ്റന്റ് ഗവര്‍ണറെ സന്ദര്‍ശിച്ച് കോണ്‍സുലര്‍ സംഘം നിവേദനവും നല്‍കി. യുവാവിന്റെ സുഹൃത്തുക്കള്‍ കോണ്‍സുല്‍ വെല്‍ഫെയര്‍ ഡോക്ടര്‍ അലീമുമായി കൂടിക്കാഴ്ച നടത്തി. അപ്പീലുമായി മുന്നോട്ടുപോവുന്ന സോഷ്യല്‍ ഫോറത്തിനും യുവാവിന്റെ സുഹൃത്തുക്കള്‍ക്കും കുടുംബങ്ങള്‍ക്കും എല്ലാവിധ സഹായവും ജിദ്ദ കോണ്‍സുലേറ്റ് വാഗ്ദാനം ചെയ്തു.

സൗദി അറേബ്യയിലെ തെക്കന്‍ നഗരമായ ഖമീസ് മുഷൈത്തിലെ ക്രിമിനല്‍ കോടതിയിലെ മൂന്നംഗ ബെഞ്ചാണ് കഴിഞ്ഞ മാസം മലയാളി യൂവാവിന്റെ വലത് കൈപ്പത്തി മുറിച്ചുമാറ്റാന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. അബഹയിലും ഖമീസ് മുശൈത്തിലും ശാഖകളുള്ള ഒരു പ്രമുഖ സൗദി റെസ്‌റ്റോറന്റിലെ ലോക്കറില്‍നിന്ന് 1,10,000 റിയാല്‍ നഷ്ടപ്പെട്ടിരുന്നു. അതിന്റെ അന്വേഷണത്തിലാണ് അതേ സ്ഥാപനത്തില്‍ ആറുവര്‍ഷമായി ജോലിചെയ്തിരുന്ന മലയാളി യുവാവ് പിടിയിലാവുന്നത്.

നഷ്ടപ്പെട്ട മുഴുവന്‍ തുകയും അന്വേഷണ ഉദ്യോഗസ്ഥര്‍ ബാത്ത് റൂമില്‍ നിന്ന് കണ്ടെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ശരിയത്ത് നിയമം അനുസരിച്ചുള്ള പരമാവധി ശിക്ഷ കോടതി വിധിക്കുകയായിരുന്നു. സ്‌പോണ്‍സറുമായി സാമ്പത്തിക ബാധ്യത ഉണ്ടായിരുന്ന ഇതേ റെസ്റ്റോറന്റില്‍ ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശിയായ മറ്റൊരു സുഹൃത്ത് അയാളുടെ മാതാവിന്റെ ചികിത്സാര്‍ഥം നാട്ടില്‍ പോകേണ്ടിവന്നപ്പോള്‍ ഇദ്ദേഹം ജാമ്യം നില്‍ക്കുകയും അയാള്‍ തിരിച്ച് വരാതിരുന്നപ്പോള്‍ സ്‌പോണ്‍സര്‍ ഇയാളില്‍ നിന്ന് ഇരുപത്തിനാലായിരം റിയാല്‍ അഥവാ മൂന്നര ലക്ഷം രൂപ ഈടാക്കുകയും ചെയ്തിരുന്നു.

കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടിരുന്ന ഇദ്ദേഹം നാട്ടില്‍ നിന്ന് കടം വാങ്ങിയും പലതും വിറ്റ് പെറുക്കിയാണ് സ്‌പോണ്‍സര്‍ക്ക് ഈ സംഖ്യ കൊടുത്ത് വീട്ടിയത്. ഭാഷ വശമില്ലത്തതിനാലും ഭയം മൂലവും കാര്യങ്ങള്‍ കോടതിയെ വേണ്ട രീതിയില്‍ ബോധ്യപ്പെടുത്താന്‍ തനിക്ക് കഴിഞ്ഞില്ലെന്നു ഇദ്ദേഹം പറഞ്ഞു.