ഇനി യുവിയില്ലാത്ത ടീം ഇന്ത്യ; അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് യുവരാജ് സിംഗ് വിരമിക്കാന്‍ ഒരുങ്ങുന്നു

single-img
20 May 2019

ഇന്ത്യകണ്ട എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായ യുവരാജ് സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാനൊരുങ്ങുന്നു. എന്നാൽ യുവി തുടർന്നും ഐസിസി അംഗീകരിച്ചിട്ടുള്ള ട്വൻറി20 ലീഗുകളിൽ സാന്നിധ്യമറിയിക്കും. ബിസിസിഐയുടെ അംഗീകാരം ലഭിച്ചാൽ ഉടൻ വിരമിക്കല്‍ പ്രഖ്യാപനം നടത്തുമെന്നാണ് സൂചന.

ഈ സീസണിൽ ഐപിഎല്ലിൽ കിരീടം നേടിയ മുംബൈ ഇന്ത്യൻസ് ടീമിന്‍റെ ഭാഗമായിരുന്ന യുവരാജിന്‍റെ ബാറ്റി൦ഗ് പ്രകടനങ്ങള്‍ ശ്രദ്ധ നേടിയിരുന്നു. “അന്താരാഷ്ട്ര ഏകദിന / ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്നും യുവരാജ് വിരമിക്കാൻ ഒരുങ്ങുകയാണ്. ടി20 ലീഗുകളിൽ കളിക്കാൻ അദ്ദേഹം ബിസിസിഐയുടെ അനുമതി തേടിയിരിക്കുകയാണ്,” ബിസിസിഐ വൃത്തങ്ങൾ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

പ്രശസ്തമായ വാണിജ്യ ടൂര്‍ണമെന്‍റുകളായ കാനഡയിലെ ജിടി 20, യൂറോ ടി20 തുടങ്ങിയ ടൂര്‍ണമെന്‍റുകളില്‍ പങ്കെടുക്കാനാണ് യുവിയുടെ വിരമിക്കല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനു മുൻപ് ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന് കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കാനവസരം ലഭിച്ചിരുന്നു. എന്നാല്‍ ബിസിസിഐയുടെ സമ്മര്‍ദത്തെ തുടര്‍ന്ന് അദ്ദേഹത്തിന് പോകാന്‍ സാധിച്ചിരുന്നില്ല. ബിസിസിഐയുടെ കീഴിലുള്ള കളിക്കാരനാണെങ്കില്‍ പോകുന്നതിന് ബിസിസിഐയുടെ അനുമതി ആവശ്യമാണ്.