പാക് ലോകകപ്പ് ടീമില്‍ നിന്നും ഒഴിവാക്കി; മുഖത്ത് കറുത്ത ടേപ്പ് ഒട്ടിച്ച് പ്രതിഷേധവുമായി പേസര്‍ ജുനൈദ് ഖാന്‍

single-img
20 May 2019

ലോകകപ്പ് ടീമില്‍ നിന്നും തന്നെ ഒഴിവാക്കിയതില്‍ ശക്തമായ പ്രതിഷേധവുമായി പാക് പേസര്‍ ജുനൈദ് ഖാന്‍. മുഖത്ത് കറുത്ത ടേപ്പ് ഒട്ടിച്ചുകൊണ്ടുള്ള ഫോട്ടോ ട്വീറ്റ് ചെയ്താണ് ജുനൈദ് തന്‍റെ പ്രതിഷേധം ടീം സെലക്‌ടര്‍മാരെ അറിയിച്ചത്. ‘ഒന്നും പറയുവാനില്ല, സത്യം കയ്‌പേറിയതാണ്’ എന്ന തലക്കെട്ടോടെയായിരുന്നു ട്വീറ്റ്.

ഇംഗ്ലണ്ടിനെതിരേ കഴിഞ്ഞ ദിവസം അവസാനിച്ച ഏകദിന പരമ്പരയില്‍ ടീമിനായി കളിച്ച താരമാണ് ജുനൈദ് ഖാന്‍. പാകിസ്താന്‍ ലോകകപ്പിനുള്ള 15 അംഗ പ്രാഥമിക ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ജുനൈദിന്റെയും പേരുണ്ടായിരുന്നു. ഇംഗ്ലണ്ടിനെതിരെ ഫോമിലാകാതെ വന്നതോടെ പ്രാഥമിക ടീമില്‍ ഇല്ലാതിരുന്ന മുഹമ്മദ് ആമിറിനെ ജുനൈദിന് പകരം സെലക്‌ടര്‍മാര്‍ ഉള്‍പ്പെടുത്തുകയായിരുന്നു.

ഇംഗ്ലണ്ടിനെതിരെയുള്ള രണ്ട് മത്സരങ്ങളില്‍ 18 ഓവറില്‍ 142 റണ്‍സ് വഴങ്ങിയതാണ് ജുനൈദിന് ടീമിന്റെ പുറത്തേക്കുള്ള വഴി തുറന്നത്. പുതിയ ടീമില്‍ മുഹമ്മദ് ആമിറിനൊപ്പം ആസിഫ് അലി, വഹാബ് റിയാസ് എന്നിവരും തിരികെയെത്തി. ജുനൈദിനോടൊപ്പം ആബിദ് അലി, ഫഹീം അഷ്‌റഫ് എന്നിവരെ ടീമില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.

പാകിസ്താന്‍ ലോകകപ്പ് ടീം:

സര്‍ഫറാസ് അഹമ്മദ് (നായകന്‍), ഫഖര്‍ സമാന്‍, ഇമാം ഉള്‍ ഹഖ്, ബാബര്‍ അസം, ഹാരിസ് സുഹൈല്‍, ആസിഫ് അലി, ഷോയ്ബ് മാലിക്, മുഹമ്മദ് ഹഫീസ്, ഇമാദ് വസീം, ഷദാബ് ഖാന്‍, ഹാസന്‍ അലി, ഷഹീന്‍ അഫ്രീദി, വഹാബ് റിയാസ്, മുഹമ്മദ് ഹസ്‌നൈന്‍.