ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞ സിങ് ഠാക്കൂര്‍ കൊന്നത് ഗാന്ധിജിയുടെ ആത്മാവിനെ: നൊബേൽ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ത്ഥി

single-img
18 May 2019

അപമാനിക്കുകവഴി ബിജെപിയുടെ സ്ഥാനാര്‍ത്ഥി പ്രജ്ഞ സിങ് ഠാക്കൂര്‍ ഗാന്ധിയുടെ ആത്മാവിനെ കൊന്നുവെന്ന് നൊബേൽ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ത്ഥി. ഗാന്ധിജിയെ വധിച്ച നാഥുറാം ഗോഡ്സെ ദേശസ്നേഹിയായിരുന്നുവെന്ന ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞ സിങിന്‍റെ പരാമര്‍ശത്തിനെതിരെയാണ് കൈലാഷ് സത്യാര്‍ത്ഥിയുടെ പ്രതികരണം.

ഗോഡ്സെ ഗാന്ധിജിയെ കൊലചെയ്തു. ഇപ്പോൾ പ്രജ്ഞ സിങിനെപ്പോലുള്ളവര്‍ അദ്ദേഹത്തിന്‍റെ ആത്മാവിനെയും കൊന്നുവെന്ന് സത്യാര്‍ത്ഥി പറഞ്ഞു. എല്ലാ രാഷ്ട്രീയത്തിനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മുകളിലാണ് ഗാന്ധിയുടെ സ്ഥാനമെന്ന് അദ്ദേഹം പറഞ്ഞു. ഭരണനിര്‍വഹണ ഉത്തരവാദിത്വം മാനിച്ച് ഇത്തരക്കാരെ മാറ്റി നിര്‍ത്താൻ ബിജെപി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗാന്ധിജിയെ അപമാനിച്ചും ഗോഡ്‌സെയെ പുകഴ്ത്തിയും പ്രജ്ഞ സിങിന്‍റെ പരാമര്‍ശം ബിജെപിയ്ക്കുള്ളിലും പുറത്തും വലിയ വിവാദമായിരുന്നു. ഇന്ത്യഭാവിയിൽ താലിബാൻ ആകാൻ സാധ്യതയുണ്ടെന്നായിരുന്നു മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാൻ ആനന്ദ് മഹീന്ദ്രയുടെ പ്രതികരണം. പ്രജ്ഞയുടെ വാക്കുകളെ തള്ളി ബിജെപി അധ്യക്ഷൻ അമിത് ഷാ തന്നെ രംഗത്തെത്തിയെങ്കിലും പരോക്ഷമായി പ്രജ്ഞയുടെ വാക്കുകളെ പിന്തുണച്ച് വിവിധ നേതാക്കള്‍ വന്നത് വ്യാപകമായി വിമര്‍ശിക്കപ്പെട്ടു. അതേസമയം, പ്രജ്ഞാ സിങിന് മാപ്പില്ലെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതികരണം.