ചങ്ങനാശ്ശേരിയിൽ വിദേശമദ്യശാലയ്ക്ക് തീപിടുത്തം; ഫയർഫോഴ്സ് എത്തുന്നതിനു മുമ്പ് കിണറ്റിൽ നിന്നും വെള്ളം കോരിയൊഴിച്ച് തീകെടുത്തി മദ്യത്തിനായി വരി നിന്നവർ

single-img
16 May 2019

ചങ്ങനാശ്ശേരി കറുകച്ചാലില്‍ പ്രവര്‍ത്തിക്കുന്ന വിദേശ മദ്യശാലയിൽ വൻ  തീപിടിത്തം. തീപിടുത്തം കെടുത്തിയത് മദ്യത്തിനായി വരി നിന്നവർ. തീപിടിത്തത്തിന് കാരണമായ ജനറേറ്റര്‍ പുറത്തേക്ക് മാറ്റുന്നതിനിടെ ജീവനക്കാരനായ ആറ്റിങ്ങല്‍ സ്വദേശി സുധീര്‍ സുബൈറിന് പൊളളലേറ്റതായും റിപ്പോർട്ടുകളുണ്ട്.

ജനങ്ങളുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് ദുരന്തം ഒഴിവായത്. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. വൈദ്യുതിയില്ലാത്തതിനാല്‍ ജനറേറ്ററിലായിരുന്നു മദ്യശാല പ്രവര്‍ത്തിച്ചിരുന്നത്.

ഏകദേശം അരമണിക്കൂര്‍ പ്രവര്‍ത്തിച്ച് കഴിഞ്ഞപ്പോള്‍ ജനറേറ്റിന് തീ പിടിച്ചു. വലിയ ശബ്ദത്തോടെ ജനറേറ്റര്‍ കത്തിത്തുടങ്ങി. ‘ജവാന്‍’ മദ്യം സൂക്ഷിച്ചിരുന്നിടത്താണ് ജനറേറ്റര്‍ സ്ഥാപിച്ചിരുന്നത്.

തീപിടിത്തമുണ്ടായപ്പോള്‍ തന്നെ  വരി നിന്നവരും നാട്ടുകാരും ജീവനക്കാരും ചേര്‍ന്ന് തീയണക്കാന്‍ പരിശ്രമിച്ചു. മദ്യശാലക്ക് സമീപമുണ്ടായിരുന്ന കിണറില്‍ നിന്ന് വെള്ളം കോരി തീയണക്കാന്‍ എല്ലാവരും ഒരുമിച്ച് പ്രയത്‌നിച്ചു. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സും എത്തിയപ്പോഴേക്കും ജനങ്ങൾ തീ അണച്ചിരുന്നു.

ഓടിക്കൂടിയവര്‍ ബക്കറ്റിലും കാലിക്കുപ്പിയിലുമായാണ് വെള്ളം എത്തിച്ചത്. രണ്ട് മുറികളിലായാണ് ഇവിടെ മദ്യം സൂക്ഷിച്ചിരുന്നത്.