നരേന്ദ്രമോദിയുടെ `മേഘ സിദ്ധാന്തം´ തിരഞ്ഞ് ലോകരാജ്യങ്ങൾ; ഏറ്റവും കൂടുതൽ തിരഞ്ഞത് ഇന്ത്യയ്ക്ക് റഫാല്‍ പോര്‍വിമാനം നിര്‍മ്മിച്ചു നല്‍കുന്ന ഫ്രാൻസ്

single-img
14 May 2019

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മേഘ സിദ്ധാന്തം തിരഞ്ഞ് ലോക രാജ്യങ്ങള്‍. മഴമേഘങ്ങള്‍ ഉപയോഗിച്ച് പാക്കിസ്ഥാനിന്റെ റഡാറില്‍ നിന്നും രക്ഷ നേടാമെന്ന തന്ത്രം വെളിപ്പെടുത്തിയതിനെ തുടർന്നാണ് ലോകരാജ്യങ്ങൾ അതിൻ്റെ പൊരുൾ തോടി രംഗത്തെത്തിയത്.

പാകിസ്ഥാൻ റഡാറിൽ നിന്നും രക്ഷനേടാൻ  മഴമേഘങ്ങൾ ഉപയോഗിക്കാമെന്ന് താനാണ് പറഞ്ഞുകൊടുത്തതെന്ന നരേന്ദ്ര മോദിയുടെ പ്രസ്താവന പുറത്തുവന്നതോടെയാണ് ലോകരാജ്യങ്ങൾ ഇന്ത്യയ്ക്ക് പിറകേ കൂടിയത്. കഴിഞ്ഞ ദിവസം ന്യൂസ് നേഷന്‍ എന്ന ചാനലിനു നല്‍കിയ അഭിമുഖത്തില്‍ താനാണ് ബലാകോട്ട് ആക്രമണത്തിനു മഴയും മേഘങ്ങളും തടസ്സമായപ്പോള്‍ വ്യോമസേനയോട് ഈ ആശയം മുന്നോട്ട് വെച്ചതെന്ന് മോഡി പറഞ്ഞിരുന്നു. ഇതോടെയാണ് മോഡിയുടെ ‘ മേഘ സിദ്ധാന്തം ‘തേടി ലോക ശക്തികള്‍ രംഗത്തെത്തിയത്.

കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് ബലാഘോട്ട് തിരിച്ചടി മാറ്റിവെയ്ക്കാനായിരുന്നു ഉന്നത ഉദ്യോഗസ്ഥരുടെ തീരുമാനം. എന്നാല്‍ മേഘങ്ങളും മഴയും റഡാറുകളില്‍ നിന്നും യുദ്ധ വിമാനങ്ങളെ മറച്ചുപിടിക്കാന്‍ അനുകൂലമാകുമെന്നും മോദി അഭിപ്രായപ്പെട്ടു തുടര്‍ന്നാണ് അക്രമണം നടത്തിയത്. പ്രധാനമന്ത്രിയുടെ മേഘ സിദ്ധാന്തം വ്യാപക പരിഹാസത്തിന് ഇടയാക്കിയതിനു പിന്നാലെ ഇത് സംബന്ധിച്ച ട്വീറ്റ് ബി.ജെ.പി പിന്‍വലിച്ചിരുന്നു.

പ്രധാനമന്ത്രിയുടെ പ്രസ്താവന പുറത്തുവന്ന മേയ് 11 രാത്രി 9 30 മുതല്‍ ക്ലൗഡ് റഡാര്‍, മോഡി റഡാര്‍, മോഡി ക്ലൗഡ് എന്നീ വിഷയങ്ങള്‍ ഗൂഗിള്‍ സേര്‍ച്ച് ട്രെന്‍ഡിങ്ങില്‍ ഉണ്ട്. ഇക്കാര്യം തിരയുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് ഇന്ത്യക്കാരല്ല എന്നതും ശ്രദ്ധേയമാണ്. പോര്‍വിമാനം നിര്‍മ്മിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന ഫ്രാന്‍സ്, റഷ്യ,അമേരിക്ക എന്നീ രാജ്യങ്ങളാണ് മോദിയുടെ ക്ലൗഡ് തിയറിയില്‍ കാര്യമായി തിരച്ചില്‍ നടത്തിയിരിക്കുന്നത്. അതേസമയം പോളണ്ട്, ഓസ്‌ട്രേലിയ,യുകെ, ജര്‍മനി സിംഗപ്പൂര്‍, കാനഡ എന്നീ രാജ്യങ്ങളും പട്ടികയിലുണ്ട്. ഇന്ത്യ എട്ടാമതാണ്.ഇന്ത്യക്ക് റഫാല്‍ പോര്‍വിമാനം നിര്‍മ്മിച്ചു നല്‍കുന്ന ഫ്രാന്‍സില്‍ നിന്നാണ് മോദിയുടെ പുതിയ തിയറി ഏറ്റവും കൂടുതല്‍ തിരഞ്ഞത്.