തന്നോട് പറയാതെ ഡിഗ്രിക്ക് ചേര്‍ന്നു; പ്രവാസിയായ ഭര്‍ത്താവ് ഭാര്യയുടെ കൈവിരലുകള്‍ മുറിച്ചു

single-img
13 May 2019

ബംഗ്ലാദേശിലാണ് ഈ ക്രൂര സംഭവം അരങ്ങേറിയത്. 21–കാരിയായ ഹവ്വ അക്തര്‍ എന്ന യുവതിയാണ് ആക്രമിക്കപ്പെട്ടത്. തന്നെ അറിയിക്കാതെ ഭാര്യ ബിരുദപഠനത്തിന് പോയതിനാണ് ഭര്‍ത്താവ് റാഫിഖുല്‍ ഇസ്ലാം യുവതിയുടെ വിരലുകള്‍ മുറിച്ചത്.

യുഎഇയില്‍ ജോലി ചെയ്യുകയായിരുന്ന ഇയാള്‍ നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ഭാര്യ ബിരുദപഠനം നടത്തുന്ന വിവരം അറിഞ്ഞത്. തുടര്‍ന്ന് ഇയാള്‍ ഭാര്യയെ പറഞ്ഞ് പറ്റിച്ച് ക്രൂരകൃത്യം ചെയ്യുകയായിരുന്നു. ‘ഞാന്‍ നിനക്കൊരു സര്‍പ്രൈസ് കാത്തു വച്ചിട്ടുണ്ട്. കണ്ണുകള്‍ അടയ്ക്കൂ…കൈകള്‍ നീട്ടൂ…’.

ഭര്‍ത്താവ് പറഞ്ഞത് കേട്ട് സമ്മാനം പ്രതീക്ഷിച്ചു നീണ്ടു പോയ ആ കൈകള്‍ നിമിഷാര്‍ദ്ധങ്ങള്‍ക്കിടെ ചോരത്തുണ്ടുകളായി. ആ മുറി മുഴുവന്‍ രക്തം തളം കെട്ടി. കൈവിരലുകള്‍ മുറിച്ചശേഷം അത് മാലിന്യകൊട്ടയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും ഇയാള്‍ പോലീസിനോട് വ്യക്തമാക്കി.

ഡോക്ടര്‍മാര്‍ക്ക് തിരികെ കൂട്ടിചേര്‍ക്കാന്‍ ലഭിക്കാതിരിക്കാനാണ് അങ്ങനെ ചെയ്തത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇയാള്‍ക്ക് ജീവപര്യന്തം ശിക്ഷ തന്നെ വിധിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്ത് വന്നിട്ടുമുണ്ട്.