ഞാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ കണ്ടിട്ടില്ല; അതിന്റെ ആക്രമണത്തിൽ തലയോട് തകർന്ന ഒരു സ്ത്രീയെ കണ്ടിട്ടുണ്ട്

single-img
11 May 2019

തെച്ചിക്കോട്ട് രാമചന്ദ്രന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരെ പോസ്റ്റുമോർട്ടം ചെയ്ത ഡ്യൂട്ടി ഡോക്ടർ എഴുതിയ കുറിപ്പ് വൈറലാകുന്നു. ഭിഷഗ്വരനാ‍യ റോഷിത് ശ്രീപുരി എഴുതിയ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

അപകട മരണങ്ങളുടേതടക്കം പോസ്റ്റ്മോർട്ടങ്ങൾ പലതവണ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും ,കണ്ട മാത്രയിൽ ഒന്നു കണ്ണു പൊത്തിപ്പോയത് ഇതാദ്യമായിരുന്നുവെന്ന് ഡോക്ടർ കുറിക്കുന്നു. 2013-ൽ പെരുമ്പാവൂരിലെ കൂത്തുമടം തൈപ്പൂയത്തിനിടെ രാമചന്ദ്രൻ ഇടയുകയും മൂന്നു സ്ത്രീകളെ കൊലപ്പെടുത്തുകയും ചെയ്ത സംഭവമാണ് റോഷിത് ഫെയ്സ്ബുക്കിൽ കുറിച്ചത്.

ഡ്യൂട്ടി ദിവസമായതിനാൽ ചാർജ് എനിക്കും. ടേബിളിൽ കാത്തുകിടന്നിരുന്നത് വെള്ളത്തുണിയിൽ പൊതിഞ്ഞു കെട്ടിയ മൂന്ന് മൃതശരീരങ്ങളായിരുന്നു .മൂന്ന് പ്രായത്തിലുള്ള മൂന്ന് സ്ത്രീകൾ .ഒരാളെ ചവിട്ടിയരച്ചത് ,ഒരാളെ എടുത്തെറിഞ്ഞത് ,ഒരാൾ പരിഭ്രമിച്ചോടിയ ആൾക്കൂട്ടത്തിനിടയിൽപ്പെട്ട് ചതഞ്ഞമർന്നത്.
മുഖം തിരിച്ചറിയാനാവാത്തതും ,തകർന്ന നെഞ്ചിൻ കൂടുള്ളതും കുടൽമാല വെളിയിൽ വന്നതുമായ മനുഷ്യ ശരീരങ്ങൾ .
അപകട മരണങ്ങളുടേതടക്കം പോസ്റ്റ്മോർട്ടങ്ങൾ പലതവണ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും ,കണ്ട മാത്രയിൽ ഒന്നു കണ്ണു പൊത്തിപ്പോയത് ഇതാദ്യം. അത്രയ്ക്ക് ഭീഭത്സമായിരുന്നു ആ ദൃശ്യങ്ങൾ. മരണത്തിനു തൊട്ടു മുൻപെ നിസ്സഹായരായ ആ സാധു സ്ത്രീകൾ അനുഭവിച്ച വേദനയുടെ ആഴം ബാക്കിയായ ആ ശരീരങ്ങളിലെ ഓരോ മുറിപ്പാടിലുമുണ്ടായിരുന്നു ..

റോഷിത് തന്റെ പോസ്റ്റിൽ കുറിക്കുന്നു.

ഇത്തരം കാര്യങ്ങളെ ആനയുടെ കുറുമ്പായും മറ്റും കാണുന്ന ആനപ്രേമികൾ എന്നു സ്വയം വിളിക്കുന്നവരുടെ ശാസ്ത്രീയ ബോധമില്ലായ്മയേയും റോഷിത് ചോദ്യം ചെയ്യുന്നു. ആന ഒരിക്കലും മനുഷ്യനോടിണങ്ങാത്ത വന്യജീവിയാണെന്ന കാര്യമാണ് റോഷിത് വിവരിക്കുന്നത്.

“ കാട്ടിലെ സ്വൈര്യ ജീവിതം നയിക്കുന്ന ,സഞ്ചാരശീലങ്ങളിൽ,ഇണ ചേരുന്നതിൽ ,,ഭക്ഷണ രീതികളിൽ ,ചൂടിനോടും ശബ്ദത്തോടും പ്രതികരിക്കുന്നതിൽ തുടങ്ങി എല്ലാത്തിലും ജൈവപരമായ ഒരു പാടു സവിശേഷതകളുള്ള ഒരു വന്യ ജീവിയാണെന്ന സത്യം മറച്ചുവെച്ച് ,അല്ലെങ്കിൽ സൗകര്യപൂർവ്വം തിരുത്തിയെഴുതിയാണ് കാട്ടിൽ വാരിക്കുഴി വെച്ച് പിടിച്ചും, ലോഹ മൂർച്ചയിൽ ക്രൂര പീഢനങ്ങളേൽപിച്ച് പേടിപ്പിച്ചും ,അനങ്ങിയാൽ അസഹ്യമായ വേദനകളുണങ്ങാത്ത വ്രണങ്ങളുണ്ടാകുമെന്ന് ഓർമ്മപ്പെടുത്തിയും “മെരുങ്ങിയ ആന”, “നാട്ടാന” , എന്ന സങ്കൽപത്തിലെത്തിക്കുന്നത് .പിന്നീടാണ് തടി പിടിക്കുന്ന ആന ,വിഗ്രഹമേന്തുന്ന ആന ഗജരാജൻ തുടങ്ങിയ ‘ വിശേഷണങ്ങളിലേക്ക് ഈ മൃഗത്തെ തള്ളിവിടുന്നത് .കേവലമൊരു വളർത്തു മൃഗത്തിൽ നിന്നും സമ്പത്തിന്റെയും ,ആഢ്യത്തത്തിന്റേയും ,ആഡംബരത്തിന്റെയും കെട്ടുകാഴ്ചയുടെ പ്രതീകമായി ഇതിനെ വളർത്തിക്കൊണ്ട് വരുന്നത് .” റോഷിത് പറയുന്നു.

ഇതൊന്നുമറിയാത്ത ഒരു വിഭാഗമാണ്
കെട്ടുകാഴ്ച്ചയുടെ ഹരം മോന്തി ,സംസ്ക്കാരത്തിന്റെയും പരമ്പരാചാരങ്ങളുടേയും സംരക്ഷക മുതലാളിമാരെന്ന ഭാവത്തിൽ ഇതിനെ എതിർക്കുന്നവർക്കെതിരെ ഉറഞ്ഞു തുള്ളുകയും ,ആന മുതലാളിമാർക്ക് സ്തുതി പാടുകയും ചെയ്യുന്നത്ന്നും അദ്ദേഹം ആരോപിക്കുന്നു.

“ ഞാൻ തെച്ചിക്കാട്ട്കാവ് രാമചന്ദ്രനെ കണ്ടിട്ടില്ല .പക്ഷെ അതിന്റെ കാൽപാടുകൾ കൊണ്ട് തലയോടു തകർന്ന ഒരു സാധു സ്ത്രീയെ കണ്ടിട്ടുണ്ട് .അതിന്റെ കൊമ്പിന്റെ മൂർച്ചയിലറ്റു പോയ കുടുംബങ്ങളുടെ ആർത്തലച്ചുള്ള കരച്ചിലു കണ്ടിട്ടുണ്ട്. ”

റോഷിത് പറയുന്നു.

ചരിത്രങ്ങളെല്ലാം കണ്ണടച്ചിരുട്ടാക്കി,” ഈ മേഖലയെ തകർക്കാൻ ഗൂഢാലോചന നടത്തുന്നുവെന്ന” അളിഞ്ഞ മറുവാദങ്ങളുമായി വീണ്ടുമീ ആനയെ ആൾക്കൂട്ടത്തിനിടയിലേക്ക് ഇറക്കിവിടാൻ മുറവിളി കൂട്ടുന്നവരോട് തോന്നുന്നത്,  ആൾക്കൂട്ടത്തിനിടയിൽ ബോംബായി പൊട്ടിച്ചിതറാൻ ആഹ്വാനം നൽകുന്ന അതേ ആളുകളോടൊക്കെ തോന്നുന്ന കട്ടപിടിച്ച വെറുപ്പാണെന്ന് പറഞ്ഞുകൊണ്ടാണ് റോഷിത് കുറിപ്പവസാനിപ്പിക്കുന്നത്.

റോഷിതിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം: