തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ആരോഗ്യവാൻ; ആനയുടെ ആരോഗ്യക്ഷമതാ പരിശോധന നടത്തി

single-img
11 May 2019

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യക്ഷമതാ പരിശോധന നടത്തി. ആനയ്ക്ക് മദപ്പാടില്ലെന്നും,  കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നുമാണ് ഡോക്ടര്‍മാരുടെ വിലയിരുത്തലെന്നാണ് സൂചന.മൂന്ന് ഡോക്ടര്‍മാരുടെ സംഘമാണ് ആനയുടെ ആരോഗ്യ ക്ഷമത പരിശോധിച്ചത്. ഡോ. ഡേവിഡ്, ഡോ. വിവേക്, ഡോ ബിജു എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.

ഡോക്ടര്‍മാരുടെ സംഘം പരിശോധന റിപ്പോര്‍ട്ട് തൃശൂര്‍ ജില്ലാ കളക്ടര്‍ ടി വി അനുപമയ്ക്ക് കൈമാറും. ഡോക്ടര്‍മാരുടെ സംഘം ആനയ്ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍  പൂര വിളംബരത്തിന് എഴുന്നെള്ളിക്കാന്‍ അനുമതി നല്‍കുമെന്ന് ജില്ല കളക്ടര്‍ അറിയിച്ചിരുന്നു.

കര്‍ശന ഉപാധികളോടെയും സുരക്ഷാ ക്രമീകരണങ്ങളോടെയും തെച്ചിക്കോട്ടുകാവ് രാമച്ചന്ദ്രനെ എഴുന്നെള്ളിക്കാന്‍ അനുമതി നല്‍കാമെന്നായിരുന്നു കളക്ടര്‍ക്ക് ലഭിച്ച നിയമോപദേശം. തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ ആവശ്യമെങ്കില്‍ പൂര വിളംബരത്തിന് മാത്രം എഴുന്നള്ളിക്കാമെന്ന് അഡ്വക്കേറ്റ് ജനറല്‍ നിയമോപദേശത്തില്‍ വ്യക്തമാക്കി. പൊതുതാല്‍പര്യം പറഞ്ഞ് ഭാവിയില്‍ ഇത് അംഗീകരിക്കരുത് എന്നും വ്യക്തമാക്കിയിട്ടുണ്ട്. അനുമതി നല്‍കേണ്ടത് കര്‍ശന ഉപാധികളോടെയെന്നും നിയമോപദേശത്തില്‍ വിശദമാക്കിയിരുന്നു.