വർഗീയത പ്രോത്സാഹിപ്പിക്കുന്ന മതക്ളാസുകൾ എടുക്കുന്നു; ശരീഅത്ത് നിയമം യുവാക്കൾക്കിടയിൽ അടിച്ചേല്പിക്കുന്നു: കേരളത്തിലെയും തമിഴ്നാട്ടിലെയും 26 ഇസ്‌ലാമിക പുരോഹിതർ നിരീക്ഷണത്തിൽ

single-img
11 May 2019

ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെയും തമിഴ്നാട്ടിലെയും 26 ഇസ്‌ലാമിക പുരോഹിതർ കേന്ദ്ര ഇന്റലിജൻസിന്റെ നിരീക്ഷണത്തിലെന്നു സൂചന. നിരീക്ഷണത്തിലുള്ളവർ ഒരു കേസിലും പ്രതികളല്ലെന്നും ഭീകരവാദപ്രവർത്തനവുമായി ബന്ധപ്പെട്ട് ഇതുവരെ ആരോപണവിധേയരല്ലെന്നും ഉന്നത ഐ.ബി. ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ ദിനപത്രമായ ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

ഇന്ത്യയിലെ ഐഎസ് വേരുകൾ അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട അന്വേഷണസംഘമാണ് കേരളത്തിലെയും തമിഴ്നാട്ടിലെയും പുരോഹിതരുടെ പട്ടിക രഹസ്യാന്വേഷണ ഏജൻസിക്ക്‌ കൈമാറിയത്. വിശുദ്ധയുദ്ധത്തെയും ജിഹാദിയെയും പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ ഇവർ പ്രവർത്തിക്കുന്നുവെന്നതാണ് കണ്ടെത്തൽ.

സ്ഥിരമായി വർഗീയത പ്രോത്സാഹിപ്പിക്കുന്ന മതക്ളാസുകൾ എടുക്കുന്ന ഇവർ ജിഹാദി ലേഖനങ്ങൾ തയ്യാറാക്കുന്നതായും പ്രസംഗങ്ങളിലൂടെ മറ്റുമതങ്ങളെ മോശമായി ചിത്രീകരിക്കുന്നതായും ശരീഅത്ത് നിയമം യുവാക്കൾക്കിടയിൽ അടിച്ചേല്പിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

അൽഖായ്‌ദ, ഇറാഖിലെയും സിറിയയിലെയും ഇസ്‌ലാമിക് സ്റ്റേറ്റ് എന്നീ ആഗോള ഭീകരസംഘടനകളെ പിന്തുണയ്ക്കുന്നവരാണ് ഈ കൂട്ടരിൽ ചിലരെന്നും റിപ്പോർട്ടുണ്ട്. മതസ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് ഇവർ കേരളത്തിലും തമിഴ്നാട്ടിലും പ്രവർത്തിക്കുന്നതെന്നും ഐ.ബി. ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.