ഇന്ത്യന്‍ വ്യോമതിര്‍ത്തി ലംഘിച്ച് പറന്ന് ജോര്‍ജിയന്‍ വിമാനം; വ്യോമസേനയുടെ ഫൈറ്റര്‍ ജെറ്റ് വിമാനങ്ങൾ ബലമായി താഴെയിറക്കി

single-img
11 May 2019

ഇന്ത്യന്‍ വ്യോമതിര്‍ത്തിയില്‍ വ്യോമ നിയമങ്ങള്‍ ലംഘിച്ച് പറന്ന ജോര്‍ജിയന്‍ വിമാനത്തെ വ്യോമസേന വിമാനങ്ങൾ താഴെയിറക്കി. വ്യോമസേനയുടെ ഫൈറ്റര്‍ ജെറ്റ് വിമാനങ്ങളാണ് ജോര്‍ജിയന്‍ വിമാനത്തെ ബലമായി താഴെയിറക്കിയത്. ജോര്‍ജിയയില്‍ നിന്നുള്ള കാര്‍ഗോ വിമാനം പാക്കിസ്ഥാനിലെ കറാച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറക്കുന്നതിനിടെയാണ് സംഭവം.

ആന്റനോവ് എ.എന്‍12 വിഭാഗത്തില്‍ ഉള്‍പ്പെട്ട വിമാനം ഡല്‍ഹിയിലേക്ക് പോകുന്നതിനിടെ നിശ്ചിത വ്യോമപാതയില്‍ നിന്ന് മാറി പറക്കാന്‍ തുടങ്ങിയതോടെയാണ് വിമാനം താഴെയിറക്കിയത്. വടക്കന്‍ ഗുജറാത്തില്‍ വച്ചാണ് വിമാനം നിശ്ചിത പാതയില്‍ നിന്ന് മാറി പറക്കാന്‍ തുടങ്ങിയത്. ഇതോടെ എയര്‍ഫോഴ്‌സിന്റെ ഫൈറ്റര്‍ ജെറ്റ് വിമാനം എത്തി ജെയ്പൂര്‍ എയര്‍ഫീല്‍ഡില്‍ ജോര്‍ജിയന്‍ വിമാനം നിലത്തിറക്കിച്ചു.

രണ്ട് സുഖോയ് ഫൈറ്റര്‍ വിമാനങ്ങളാണ് ജോര്‍ജിയന്‍ വിമാനത്തെ തടഞ്ഞത്. വിമാനം മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്ത് തന്നെയാണ് വന്നത്. എന്നാല്‍ തെറ്റായ റൂട്ടില്‍ പറന്നതാണ് നിലത്തിറക്കാന്‍ എയര്‍ഫോഴ്‌സിനെ പ്രേരിപ്പിച്ചത്. പോലീസും സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരും ജോര്‍ജിയന്‍ വിമാനത്തിന്റെ പൈലറ്റിനെ ചോദ്യം ചെയ്തു. വിമാനം പരിശോധിക്കുകയും ചെയ്തു.