‘കർണാടകത്തിലെ 20 ലേറെ കോൺഗ്രസ് എംഎൽഎമാർ അസന്തുഷ്ടർ, അവർ ഏത് നിമിഷവും തീരുമാനമെടുക്കും, ബാക്കി കാര്യങ്ങൾ അപ്പോൾ കാണാം’: യെദ്യൂരപ്പ

single-img
10 May 2019

കർണാടകയിലെ കോൺഗ്രസ്-ജെഡിഎസ് സർക്കാരിൽ 20 ൽ അധികം കോൺഗ്രസ് എംഎൽഎമാർ അസന്തുഷ്ടരെന്ന് പ്രതിപക്ഷ നേതാവ് ബിഎസ് യെദ്യൂരപ്പ. ഇവർ വേഗത്തിൽ ഏതുനിമിഷവും തീരുമാനമെടുക്കുമെന്നും ബാക്കി കാര്യങ്ങൾ അപ്പോൾ കാണാമെന്നും യെദ്യൂരപ്പ പറഞ്ഞു.

ബിജെപി കർണാടകയിൽ വീണ്ടും അധികാരത്തിലെത്തുമെന്ന സൂചനയാണ് യെദ്യൂരപ്പ തന്റെ പ്രസ്താവനയിലൂടെ നൽകിയത്. ഈ മാസം 19 ന് സംസ്ഥാനത്ത് നടക്കുന്ന രണ്ട് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലും വിജയം ബിജെപിക്ക് ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം മൈസൂരിൽ കഴിഞ്ഞ ദിവസം യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ യെദ്യൂരപ്പ സർക്കാരിനെ വിമർശിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നിരിക്കുകയാണെന്നും ഇതേക്കുറിച്ച് ആരും ബോധവാന്മാരല്ലെന്നും അദ്ദേഹം പറഞ്ഞു.