വ്യാജ വിരലടയാളം പതിച്ച് കശുവണ്ടി തൊഴിലാളികളുടെ സഹായധനം തട്ടിയെടുത്തു: ഉദ്യോഗസ്ഥനു സസ്പെൻഷൻ • ഇ വാർത്ത | evartha
Breaking News, Kerala, Kollam

വ്യാജ വിരലടയാളം പതിച്ച് കശുവണ്ടി തൊഴിലാളികളുടെ സഹായധനം തട്ടിയെടുത്തു: ഉദ്യോഗസ്ഥനു സസ്പെൻഷൻ

കൊല്ലം: പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്കു വിഷുവിനു സഹായധനമായി നൽകാൻ സർക്കാർ അനുവദിച്ച തുക വ്യാജ വിരലടയാളം പതിച്ചു തട്ടിയെടുത്തതിന് കശുവണ്ടിത്തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡ് ഉദ്യോഗസ്ഥനു സസ്പെൻഷൻ. വനിതകൾ ഉൾപ്പെടെ 3 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. അന്വേഷണം പൊലീസിനു കൈമാറും.

കശുവണ്ടി ഫാക്ടറികൾ ദീർഘകാലമായി അടഞ്ഞുകിടക്കുന്നതിനാൽ, തൊഴിലാളികൾക്കു 2000 രൂപ വീതം വിതരണം ചെയ്യാൻ 6.94 കോടി രൂപയാണു ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് സർക്കാർ അനുവദിച്ചത്. 34,728 പേർക്കായി തുക വിതരണം ചെയ്യാനായിരുന്നു തീരുമാനം. ഇതിൽ 29,648 പേർക്ക് 2000 രൂപ വീതം വിതരണം ചെയ്തതിലാണു വ്യാപക തട്ടിപ്പ് അരങ്ങേറിയത്. ഏപ്രിൽ 2 മുതൽ 8 വരെ സംസ്ഥാനത്തെ ഇരുപതോളം കേന്ദ്രങ്ങളിലായിരുന്നു തുകവിതരണം.

കശുവണ്ടിത്തൊഴിലാളികൾ ക്ഷേമനിധി അംഗത്വ കാർഡും മറ്റു രേഖകളും കൊണ്ടുവരണമെന്നു നിർദേശിച്ചിരുന്നെങ്കിലും തൊഴിലാളികളുടേതെന്ന മട്ടിൽ വിരലടയാളവും ഒപ്പും രേഖപ്പെടുത്തി ഉദ്യോഗസ്ഥർ തന്നെ തുക തട്ടിയെടുത്തു.
ഒരാളുടെ പേരിൽ രണ്ടുതവണ വീതം തുക എഴുതിയെടുത്തതായും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.

ബോർഡിൽ ഡപ്യൂട്ടേഷനിൽ ജോലി ചെയ്തിരുന്ന മലപ്പുറം വെളിയംകോട് ഗ്രാമപഞ്ചായത്തിലെ ക്ലർക്ക് കൊല്ലം ചവറ സ്വദേശി ജെ.മണികണ്ഠനെയാണു സസ്പെൻഡ് ചെയ്തത്. തട്ടിപ്പിനു കൂട്ടുനിന്ന താൽക്കാലിക ജീവനക്കാരായ രാജിമോൾ, പി.ആശ, എസ്.അനിൽകുമാർ എന്നിവരെ പിരിച്ചുവിട്ടു. അടിയന്തരമായി ചേർന്ന ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിലാണു തീരുമാനം.

സംഭവവമായി ബന്ധപ്പെട്ട് ചാത്തന്നൂർ, കൊട്ടിയം, കുണ്ടറ, കൊട്ടാരക്കര, ചവറ, കായംകുളം പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകും. നേരത്തേ തൊഴിൽ വകുപ്പ് വഴി വിതരണം ചെയ്തിരുന്ന സഹായധനം 2017-ൽ ആണു ബോർഡിനു കൈമാറിയത്. അന്നുമുതൽ തട്ടിപ്പ് അരങ്ങേറിയെന്ന സംശയത്തെത്തുടർന്ന് ഇതുവരെ നടന്ന എല്ലാ ഇടപാടുകളും പരിശോധിക്കാനും തീരുമാനിച്ചു. ഇനി മുതൽ സഹായധനം തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ട് വഴിയാക്കും. അൻപതോളം തൊഴിലാളികളാണു ബോർഡിനു രേഖാമൂലം പരാതി നൽകിയത്.

കടപ്പാട്: മനോരമ