അമേരിക്കയുടെ ബി–52 ബോംബറുകള്‍ ഖത്തറിലെത്തി; മുന്നറിയിപ്പ്

single-img
10 May 2019

വൈറ്റ്ഹൗസില്‍ നിന്നുള്ള അടിയന്തര നിര്‍ദ്ദേശത്തെ തുടര്‍ന്ന് അമേരിക്കന്‍ സേനയുടെ അത്യാധുനിക പോര്‍വിമാനം ബി–52 ബോംബറുകള്‍ ഖത്തറില്‍ ലാന്‍ഡ് ചെയ്തതായി റിപ്പോര്‍ട്ട്. ഖത്തറിലെ അല്‍ ഉദൈദ് എയര്‍ ബേസിലേക്ക് ബി–52എച്ച് പോര്‍വിമാനങ്ങള്‍ എത്തിയെന്ന് യുഎസ് വ്യോമസേന പുറത്തുവിട്ട ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്.

എന്നാല്‍ ഒരു വിമാനത്തിന്റെ ചിത്രം മാത്രമാണ് കാണുന്നത്. മറ്റു വിമാനങ്ങള്‍ എവിടെയാണ് ലാന്‍ഡ് ചെയ്തിരിക്കുന്നതെന്നത് വ്യക്തമല്ല. അമേരിക്കയുടെ പുതിയ നീക്കം ഇറാനുളള ശക്തമായ മുന്നറിയിപ്പായാണ് കരുതുന്നത്.

ഇറാനു ശക്തമായ താക്കീതുമായി വിമാനവാഹിനി യുദ്ധക്കപ്പല്‍ യുഎസ്എസ് എബ്രഹാം ലിങ്കണും ബോംബര്‍ ടാസ്‌ക് ഫോഴ്‌സിനെയും മധ്യപൂര്‍വേഷ്യയിലേക്ക് അയക്കാന്‍ ഞായറാഴ്ച തന്നെ വൈറ്റ്ഹൗസ് ഉത്തരവിട്ടിരുന്നു. അമേരിക്കയ്ക്ക് മിഡില്‍ ഈസ്റ്റില്‍ ഏറ്റവും വലിയ സൈനിക താവളമുള്ള രാജ്യമാണ് ഖത്തര്‍.

പുതിയ നീക്കത്തോടെ യുഎസും ഇറാനും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുകയാണെന്നാണു വിവരം. ഇറാനുമൊത്ത് മുന്‍ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ 2015ല്‍ ഒപ്പിട്ട ആണവ കരാറില്‍ നിന്ന് ഇക്കഴിഞ്ഞ മേയിലാണ് ട്രംപ് പിന്‍മാറിയത്. ഇറാനു മേലുണ്ടായിരുന്ന ഉപരോധങ്ങളും പുനഃസ്ഥാപിച്ചു. ഇറാനിലെ സേനാ വിഭാഗമായ വിപ്ലവ ഗാര്‍ഡിനെ ഭീകരസംഘമായി പ്രഖ്യാപിക്കുകയും ചെയ്തു.

യുഎസിന്റെ ഉപരോധത്തിനു കീഴിലുള്ള ഇറാനില്‍നിന്നു ക്രൂഡ് ഓയില്‍ വാങ്ങുന്ന ഇന്ത്യ, ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കുമേല്‍ ഉപരോധമേര്‍പ്പെടുത്തുമെന്നും യുഎസ് ഭീഷണി മുഴക്കിയിരുന്നു. യുഎസ് ഉപരോധത്തെ തുടര്‍ന്നു കനത്ത പ്രതിരോധത്തിലാണ് ഇറാന്‍ സമ്പദ്‌വ്യവസ്ഥ. ഇറാനിയന്‍ കറന്‍സിയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് ഇടിവാണു രേഖപ്പെടുത്തിയത്. ഉപരോധം ഇറാനിലെ വിദേശനിക്ഷേപങ്ങളെ കാര്യമായി ബാധിച്ചു. രാജ്യത്തു പ്രതിഷേധങ്ങളും പൊട്ടിപ്പുറപ്പെട്ടു.