കുവൈത്തില്‍ വിമാനത്തിന്റെ ചക്രത്തിനടിയില്‍ പെട്ട് മലയാളി മരിച്ച സംഭവം: തമിഴ്‌നാട് സ്വദേശിയെ കസ്റ്റഡിയിലെടുത്തു

single-img
9 May 2019

കുവൈത്തില്‍ കഴിഞ്ഞ ദിവസം വിമാനത്തിന്റെ ചക്രത്തിനടിയില്‍ പെട്ട് മലയാളി മരിച്ച സംഭവത്തില്‍ പോലീസ് തമിഴ്‌നാട് സ്വദേശിയെ കസ്റ്റഡിയിലെടുത്തു. ബാദുഷ സയിദ് സാദിഖിനെയാണ് ജലീബ് ഷുയൂഖ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ബാദുഷ 10 വര്‍ഷമായി കുവൈത്ത് എയര്‍വ്വെയ്‌സ് വിമാന കമ്പനിയുടെ ജീവനക്കാരനാണ്. അപകടത്തില്‍ മരിച്ച ആനന്ദ് രാമചന്ദ്രനും ഇയാളും സുഹൃത്തുക്കളായിരുന്നു.

പാര്‍ക്കിംഗ് ഏരിയയിലേക്ക് വിമാനം മാറ്റുന്നതിനിടയില്‍ ആശയ വിനിമയത്തില്‍ ഉണ്ടായ തകരാറാണു അപകടത്തിനു കാരണമായതെന്നാണു ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴി. ഇയാള്‍ക്ക് എതിരെ മനപ്പൂര്‍വ്വമല്ലാത്ത കൊലകുറ്റത്തിനു കേസ് ഏടുത്തതായി ജലീബ് ഷുയൈഖ് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ അബ്ദുല്ല അല്‍ സുലൈമാന്‍ പറഞ്ഞിരുന്നു. എന്നാല്‍ കുവൈത്ത് എയര്‍വേസ് അധികൃതരുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് വൈകുന്നേരത്തോടെ ബാദുഷായെ വിട്ടയച്ചു.

കഴിഞ്ഞ തിങ്കളാഴ്ച ഉച്ചക്ക് മൂന്നു മണിയോടെയാണ് കുവൈത്ത് വിമാനത്താവളത്തില്‍ ഉണ്ടായ അപകടത്തില്‍ തിരുവന്തപുരം സ്വദേശി ആനന്ദ് രാമചന്ദ്രന്‍ (36) മരിച്ചത്. കുവൈറ്റ് എയര്‍വേയ്‌സിലെ സാങ്കേതിക വിഭാഗത്തിലെ ഗ്രൗണ്ട് ടെക്‌നിഷ്യനാണ് ആനന്ദ്. ആനന്ദ് കുടുംബത്തോടൊപ്പം കുവൈറ്റിലായിരുന്നു താമസിച്ചിരുന്നത്.

വിമാനത്താവളത്തിലെ ടെര്‍മിനല്‍ നാലിലെ പാര്‍ക്കിംഗ് ഏരിയയിലേക്ക് കുവൈറ്റ് എയര്‍വേയ്‌സിന്റെ ബോയിഗ് 777 300 ഇ.ആര്‍ വിമാനം മാറ്റുന്നതിനിടെയായിരുന്നു അപകടം. വിമാനത്തെ ഹാങ്കറില്‍ നിന്ന് പാസഞ്ചര്‍ ഗേറ്റിലേക്ക് കെട്ടിവലിക്കുന്നതിനിടെ കയര്‍ പൊട്ടിയതാണ് അപകട കാരണം.

ആനന്ദ് പുഷ്ബാക് ട്രാക്ടറില്‍ നിന്നുകൊണ്ട് വിമാനത്തിലെ കോക്പിറ്റിലുണ്ടായിരുന്നയാള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതിനിടെ കയറ് പൊട്ടിയത് മനസിലാക്കിയ ട്രാക്ടര്‍ ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ തെറിച്ച് താഴെവീണ ആനന്ദിനുമേല്‍ വിമാനം കയറുകയായിരുന്നു. അപകട സമയത്ത് യാത്രക്കാരോ ജീവനക്കാരോ വിമാനത്തില്‍ ഇല്ലായിരുന്നു. അതേസമയം, സംഭവത്തില്‍ ദു:ഖമുണ്ടെന്ന് കുവൈത്ത് എയര്‍വേയ്‌സ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും അവര്‍ പറഞ്ഞു.