ആനയെ വിലക്കിയതിനെ എതിർക്കാൻ റോഡപകടത്തിന്റെ കണക്ക് കൊണ്ട് ന്യായീകരണം ചമച്ച് അനിൽ അക്കര എംഎൽഎ

single-img
9 May 2019

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂർ പൂരത്തിനു എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ പുതിയ വാദവുമായി വടക്കാഞ്ചേരി എംഎൽഏയും കോൺഗ്രസ് നേതാവുമായ അനിൽ അക്കര.

ആന വിരണ്ട് ആളുകളെ കൊല്ലുന്നതിനെ റോഡപകടവുമായി താരതമ്യം ചെയ്യുന്ന വിചിത്രവാദമാണ് അനിൽ അക്കര ഉയർത്തിയിരിക്കുന്നത്. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് അനിൽ അക്കര ഈ വാദം ഉന്നയിച്ചിരിക്കുന്നത്.

എഴുന്നള്ളിപ്പിന് അനുവാദം നല്‍കാത്തതിന് കാരണം ആന വിരളും, അത് മനുഷ്യനെ കൊല്ലും എന്നതാണ് എങ്കില്‍ റോഡില്‍ പൊലിയുന്ന ജീവനുകളേയും അതുപോലെ കാണണമെന്നാണ് എംഎൽഎയുടെ വാദം.

“ ബഹു കളക്ടർ ,
തെച്ചിക്കോട്ട് രാമചന്ദ്രനുള്ള വിലക്കിന്റെ കാരണം മരണത്തിന്റെ കണക്ക് വെച്ചാണെങ്കിൽ 
മുണ്ടൂർ പുറ്റേക്കര റോഡിൽ പൊലിഞ്ഞുപോയ മനുഷ്യജീവന്റെ 
ഉത്തരവാദി ജില്ലാ ഭരണകൂടമല്ലേ ? ” അനിൽ അക്കര എംഎൽഎ ചോദിക്കുന്നു.

എന്നാൽ കണ്ണിനു കാഴ്ചയില്ലാത്തതും പതിമൂന്നുപേരെ കൊന്നതുമായ ഒരു ആനയെ എഴുന്നള്ളിക്കുന്നതിനെ റോഡപകടങ്ങളുമായി താരതമ്യം ചെയ്യുന്നത് സാമാന്യ യുക്തിയ്ക്ക് നിരക്കാത്ത വാദമാണെന്ന് അനിൽ അക്കരയുടെ പോസ്റ്റിനു താഴെ കമന്റ് ചെയ്ത നിരവധിയാളുകൾ ചൂണ്ടിക്കാട്ടുന്നുണ്ട്.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിലക്കേർപ്പെടുത്തിയതിനെതിരെ ബിജെപി രംഗത്തു വന്നിരുന്നു. ഈ വിഷയത്തിൽ തിങ്കളാഴ്ച മുതൽ ബിജെപി തൃശൂരിൽ പ്രക്ഷോഭം നടത്തുന്നുണ്ട്.