ദുബായിലെ മലയാളം ചാനൽ പൂട്ടി ഉടമ ഒളിച്ചോടി

single-img
8 May 2019

ദുബായിലെ മലയാളം ടിവി ചാനൽ പൂട്ടിയതിന് പിന്നാലെ ഉടമ രാജ്യം വിട്ടു. ഇതോടെ മാസങ്ങളായി ശമ്പളം ലഭിക്കാത്ത ജീവനക്കാർ എന്തുചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടിലായി. ഗൾഫ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇന്ത്യക്കാരനായ ഉടമയും ഫിനാൻസ് വിഭാഗം തലവനുമായ ആളാണ് യുഎഇയിൽനിന്ന് ഒളിച്ചോടിയത്.  കനത്ത നഷ്ടത്തിലായതോടെയാണ് ചാനലിന്‍റെ പ്രവർത്തനം മാസങ്ങളായി പ്രതിസന്ധിയിലായത്. മാസങ്ങളായി ശമ്പളം ലഭിക്കുന്നില്ലെങ്കിലും 12ഓളം വരുന്ന ജീവനക്കാർ ജോലി ചെയ്തുവരവെയാണ് ചാനൽ പൂട്ടിയത്. ഡിസംബർ രണ്ടിന് ജുമേറയിലുള്ള ചാനൽ ഓഫീസ് പൂട്ടിയെങ്കിലും സംപ്രേക്ഷണം തുടർന്നുവരവെയാണ് ഉടമ രാജ്യം വിട്ടത്.

ഓഫീസ് പൂട്ടിയെങ്കിലും പഴയ പരിപാടികൾ വീണ്ടും ടെലികാസ്റ്റ് ചെയ്താണ് ചാനൽ മുന്നോട്ടുപോയിരുന്നത്. എന്നാൽ എത്തിസലാത്തുമായുള്ള കരാർ ഈ മാസത്തോടെ അവസാനിക്കുന്നതിനാൽ ചാനൽ സംപ്രേക്ഷണം നിർത്താൻ നിർബന്ധിതമാകുകയായിരുന്നു.

ജീവനക്കാരുടെ ഫിംഗർപ്രിന്‍റ് ഡോർ അക്സസ് സംവിധാനം മാർച്ചോടെ പ്രവർത്തനരഹിതമായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ടെലിഫോൺ കണക്ഷൻ ഈ മാസം ആദ്യത്തോടെ പ്രവർത്തനരഹിതമായി.

രണ്ടുവർഷം മുമ്പാണ് ചാനൽ ഡി പ്രവർത്തിച്ചുതുടങ്ങിയത്. ദിവസേന രണ്ടു ലൈവ് ഷോയുമായി തുടങ്ങിയ ചാനലിന് മലയാളി പ്രേക്ഷകർക്ക് ഇടയിൽ സ്വീകാര്യത ഉണ്ടായിരുന്നു.