മൂന്നാമത്തെ തവണയും പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ തോറ്റു; വിദ്യാർത്ഥിനി തൂങ്ങി മരിച്ചു

single-img
6 May 2019

മൂന്നാമത്തെ തവണയും പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ തോറ്റ വിദ്യാർത്ഥിനി തൂങ്ങി മരിച്ചു. ഡല്‍ഹി നോര്‍ത്ത് ഈസ്റ്റില്‍ വെളളിയാഴ്ചയാണ് സംഭവം നടന്നത്. സിബിഎസ്ഇയുടെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചതിന്റെ പിറ്റേന്ന് 17കാരിയായ വിദ്യാർത്ഥിനി മാതാവിനോടൊപ്പം പ്രീത് വിഹാറിലെ സിബിഎസ്ഇ ഓഫീസില്‍ ഫലം അറിയാന്‍ എത്തിയിരുന്നു.

ഓഫീസില്‍ വെച്ചുതന്നെ തോറ്റതായി വിദ്യാര്‍ത്ഥിനീ അറിഞ്ഞിരുന്നു. തങ്ങള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി അറിയില്ലെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.റിസള്‍ട്ട് അറിഞ്ഞ് സിബിഎസ്ഇ ഓഫീസില്‍ നിന്നും പുറത്ത് വന്നതിന് ശേഷം അവള്‍ പറഞ്ഞത് പേപ്പര്‍ റദ്ദാക്കിയിരിക്കുകയാണ് എന്നാണ്. എന്നാല്‍ അവള്‍ വീണ്ടും തോറ്റു എന്നാണ് ഞങ്ങള്‍ക്ക് തോന്നിയത്. ഈ വിവരം ഞങ്ങളോട് പറയാന്‍ ധൈര്യമില്ലാത്തത് കൊണ്ടാണ് അങ്ങനെ പറഞ്ഞത്,’ പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

റിസള്‍ട്ട് അറിഞ്ഞ ശേഷം പെണ്‍കുട്ടി വീട്ടിലെത്തി രക്ഷിതാക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ചിരുന്നു. അതിനുശേഷം മുകളിലെ മുറിയിലേക്ക് പോയതായി മാതാവ് പറഞ്ഞു. ദീര്‍ഘ നേരം കഴിഞ്ഞിട്ടും മകളെ താഴേക്ക് കാണാതായതിനെ തുടര്‍ന്ന് അമ്മയാണ് മുകളിലെ മുറിയിലേക്ക് പോയത്. അകത്തുനിന്നും പൂട്ടിയ നിലയില്‍ കാണപ്പെട്ട മുറിയുടെ ജനലിലൂടെ നോക്കിയപ്പോഴാണ് 17കാരിയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

ഇംഗ്ലീഷ് ബുദ്ധിമുട്ട് ആയതിനാല്‍ മകളെ ട്യൂഷന് അയച്ചിരുന്നെങ്കിലും ഇംഗ്ലീഷില്‍ എന്നും മാര്‍ക്ക് കുറവായിരുന്നെന്ന് പിതാവ് വ്യക്തമാക്കി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.