പി എച്ച് ഡി ഉള്ളതുകൊണ്ട് ഇംഗ്ലീഷ് അറിയണമെന്നില്ല: തോമസ് ഐസക്കിനു മറുപടിയുമായി ശ്രീധരൻ പിള്ള

single-img
6 May 2019

കോഴിക്കോട്: ദേശീയപാത വികസനം മരവിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പിന്നില്‍ ബിജെപി അദ്ധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയാണെന്ന ധനമന്ത്രി തോമസ് ഐസകിന്‍റെ ആരോപണത്തിന് മറുപടിയുമായി ശ്രീധരന്‍ പിള്ള രംഗത്ത്. ദേശീയപാത വികസനം അട്ടിമറിച്ചത് ശ്രീധരന്‍പിള്ളയുടെ ഇടപെടലിനെ തുടര്‍ന്നാണെന്നായിരുന്നു രേഖകള്‍ പുറത്തുവിട്ട് തോമസ് ഐസക് ആരോപിച്ചത്.

സിപിഎം മാനിയാക്കുകളെ പോലെ പെരുമാറുന്നുവെന്നാണ് ശ്രീധരന്‍പിള്ള പ്രതികരിച്ചത്. മനുഷ്യൻ അധഃപതിച്ചാൽ മൃഗമാകുമെന്നും മൃഗം അധഃപതിച്ചാൽ കമ്മ്യൂണിസ്റ്റ് ആകുമെന്നും അഴീക്കോട് പറഞ്ഞത് ഇപ്പോഴത്തെ ചില സി പി എം നേതാക്കളെ കണ്ടാകുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

ബിജെപി ഓഫീസിലേക്ക് ദേശീയപാത വിഷയവുമായി ബന്ധപ്പെട്ട് എത്തിയ നിവേദക സംഘത്തിൽ സിപിഎം പ്രാദേശിക നേതാവുമുണ്ടായിരുന്നുവെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.
ജനങ്ങളുടെ ആശങ്ക അറിയിക്കുന്നതിനാണ് താൻ കേന്ദ്രസർക്കാരിനു കത്തെഴുതിയത്. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു ശുപാർശയെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. സാമൂഹിക ദ്രോഹിയായി തന്നെ ചിത്രീകരിച്ച സിപിഎം നടപടി അപകടകരമെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.

Posted by PS Sreedharan Pillai on Monday, May 6, 2019

‘ബിജെപിയുടെ സംസ്ഥാന അധ്യക്ഷനെന്ന നിലയിൽ പലരും വന്നു മെമ്മൊറാണ്ടം തരാറുണ്ട്. വായിച്ചുനോക്കി അതു ബിജെപിയുടെ കവറിങ് ലെറ്റർ വച്ച് കേന്ദ്രത്തിനോ സംസ്ഥാനത്തിനോ അയച്ചു നൽകാറുണ്ട്. അതാണ് ചെയ്തത്. സിപിഎമ്മിന്റെ ഒരു നേതാവും തന്നെ കാണാൻ വന്ന സംഘത്തിലുണ്ടായിരുന്നു. പാർട്ടി നോക്കിയല്ല ആളുകളെ സഹായിക്കുന്നത്. ആവശ്യം കാര്യപ്രസക്തമാണെങ്കിൽ സഹായിക്കാവുന്നതുപോലെ സഹായിക്കും’ – വാർത്താസമ്മേളനത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.

എറണാകുളത്തെ ഭൂമി ഏറ്റെടുക്കല്‍ തടയാന്‍ ശ്രീധരന്‍പിള്ള കേന്ദ്രത്തിന് കത്തയച്ചു. ഈ കത്താണ് കേരളത്തെ ഒന്നാം വികസനപട്ടികയില്‍ നിന്ന് രണ്ടാം പട്ടികയിലേക്ക് മാറ്റാന്‍ കാരണമെന്നാണ് ആരോപണം. ശ്രീധരന്‍ പിള്ള നല്‍കിയ കത്തിന്‍റെ പകര്‍പ്പും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് തോമസ് ഐസക് ആരോപണം ഉന്നയിച്ചത്.