പ്രവാസികള്‍ക്ക് ബന്ധുക്കളെ വിസയില്ലാതെ കൊണ്ടുവരാം; പുതിയ പദ്ധതിയുമായി ഖത്തര്‍

single-img
6 May 2019

പ്രവാസികളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഖത്തര്‍ സന്ദര്‍ശിക്കാന്‍ സൗകര്യമൊരുക്കി സര്‍ക്കാര്‍. സമ്മര്‍ ഇന്‍ ഖത്തര്‍ പദ്ധതിയുടെ ഭാഗമായി ജൂണ്‍ 4 മുതല്‍ ഓഗസ്റ്റ് 16 വരെ ഖത്തറിലുള്ള എല്ലാ രാജ്യക്കാരായ പ്രവാസികള്‍ക്കും അവരുടെ ബന്ധുക്കളേയും സുഹൃത്തുക്കളേയും വിസാ രഹിത സന്ദര്‍ശനത്തിന് ഖത്തറിലേക്ക് ക്ഷണിക്കാം.

ടൂറിസം പ്രോല്‍സാഹിപ്പിക്കുന്നതിനാണ് ഖത്തര്‍ വിസാ രഹിത സന്ദര്‍ശനാനുമതി നല്‍കുന്നത്. എന്നാല്‍ അത് എതിരാളികള്‍ക്ക് രാജ്യത്തേക്കെത്തുവാനുള്ള അവസരമാക്കി മാറ്റില്ലെന്ന് ഖത്തര്‍ നാഷണല്‍ ടൂറിസം കൗണ്‍സില്‍(ക്യുഎന്‍ടിസി) ചീഫ് മാര്‍ക്കറ്റിങ് ഓഫിസര്‍ റാഷിദ് അല്‍ ഖുറേഷി അറിയിച്ചു.

ഇന്ത്യ ഉള്‍പ്പെടെ 80 രാജ്യക്കാര്‍ക്ക് നിലവില്‍ ഖത്തറില്‍ വിസാ രഹിത സന്ദര്‍ശന സൗകര്യം ലഭ്യമാണ്. ഇതില്‍ ഉള്‍പ്പെടാത്ത രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്കാണ് പുതിയ പദ്ധതിയുടെ ഗുണം ലഭിക്കുകയെന്ന് അല്‍ ഖുറേഷി അറിയിച്ചു. ഖത്തറിന്റെ ശത്രുരാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വീസ രഹിത സന്ദര്‍ശനാനുമതി നല്‍കില്ലെന്ന് ഖത്തര്‍ എയര്‍വേയ്‌സ് സിഇഒ കൂടിയായ ക്യുഎന്‍ടിസി സെക്രട്ടറി ജനറല്‍ അക്ബര്‍ അല്‍ ബേക്കറിനെ ഉദ്ധരിച്ച് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.