ജയ്ശ്രീറാം വിളിക്കുന്നവരെ ജയിലില്‍ അടയ്ക്കുന്ന ബംഗാളിൽ തന്നെയും ജയിലില്‍ അടയ്ക്കാന്‍ മോദിയുടെ വെല്ലുവിളി; കാലാവധി കഴിഞ്ഞ പ്രധാനമന്ത്രിയുമൊത്ത് വേദി പങ്കിടാന്‍ താല്‍പര്യമില്ലെന്ന് മമത

single-img
6 May 2019

പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെതിരെ രൂക്ഷമായ ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജയ് ശ്രീറാം വിളിച്ചാൽ അറസ്റ്റ് ചെയ്യുന്ന അവസ്ഥയുള്ള ബംഗാളിൽ ജയ്ശ്രീറാം വിളിച്ചാല്‍ തന്നെയും അറസ്റ്റ് ചെയ്യുമോ എന്നും പ്രധാനമന്ത്രി ചോദിച്ചു. ബംഗാളിൽ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വാഹനവ്യൂഹം തടഞ്ഞ് ജയ്ശ്രീറാം വിളിച്ചവരെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഈ സംഭവം പരാമര്‍ശിച്ചാണ് പ്രധാനമന്ത്രിയുടെ വെല്ലുവിളി.

മുഖ്യമന്ത്രിയുടെ സുഗമമായ യാത്ര തടസപ്പെടുത്തിയതിനാണ് ജയ്ശ്രീറാം വിളിച്ച ബിജെപി പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്ത് സ്ഥലത്ത് നിന്ന് നീക്കിയത്. പ്രതിഷേധത്തെ തുടർന്ന് മുഖ്യമന്ത്രി വാഹനം നിര്‍ത്തിയതോടെ പ്രവര്‍ത്തകര്‍ ജയ്ശ്രീറാം വിളി നിര്‍ത്തി പിന്‍വാങ്ങിയിരുന്നു.

അതേസമയം, കാലാവധി കഴിഞ്ഞ പ്രധാനമന്ത്രിയുമൊത്ത് വേദി പങ്കിടാന്‍ താല്‍പര്യമില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചു. സംസ്ഥാനം ഫോനി ചുഴലിക്കാറ്റ് ഭീഷണിയിലിരിക്കേ തന്റെ ഫോണ്‍വിളിക്ക് പ്രതികരിച്ചില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാതിക്ക് മറുപടിയുമായാണ് മമത രംഗത്ത് വന്നത്.

കൊല്‍ക്കത്തയുടെ സമീപ പട്ടണമായ ഖരഗ്പുരിലെ നിലവിലെ സ്ഥിതി പരിശോധിക്കുകയായിരുന്നു താനെന്നും അതുകൊണ്ടാണ് ഫോണ്‍ എടുക്കാന്‍ സാധിക്കാതിരുന്നതെന്നും മമത വ്യക്തമാക്കി. എന്നാല്‍ മോദി ഇപ്പോള്‍ തെരഞ്ഞെടുപ്പ് റാലിയിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബംഗാൾ ചുഴലിക്കാറ്റ് ഭീഷണിയിലായിരിക്കുേമ്പാഴും മമത രാഷ്ട്രീയം കളിച്ചെന്നും ധാര്‍ഷ്ട്യത്തോടെ പെരുമാറിയെന്നും മോദി ഇന്ന് ആരോപിച്ചിരുന്നു.