പ്രധാനമന്ത്രി ‘എക്സ്പൈരി ബാബു’ തൃണമൂലിൽ നിന്നും ഒരു മുൻസിപ്പൽ കൗൺസിലർ പോലും പാർട്ടി വിട്ട് പോകില്ല; പ്രധാനമന്തിക്ക് തൃണമൂലിന്റെ മറുപടി

single-img
29 April 2019

പ്രധാനമന്ത്രി മോദിയെ എക്സ്പൈരി ബാബു എന്ന് വിശേഷിപ്പിച്ചുകൊണ്ട് തൃണമൂൽ കോൺഗ്രസ്. തൃണമൂലിൽ നിന്നും 40 എംൽഎമാർ ബിജെപിയുമായി നിരന്തരം ബന്ധം പുലർത്തുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് മറുപടി നൽകവെയാണ് ഇത്തരത്തിൽ പ്രധാനമന്ത്രിയെ വിശേഷിപ്പിച്ചുകൊണ്ട് തൃണമൂൽ രാജ്യസഭ എംപി ഡെറിക് ഓ ബ്രയൻ രംഗത്തെത്തിയത്. രാഷ്ട്രീയത്തിൽ കുതിരക്കച്ചവടം നടത്തുന്ന മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് വ്യക്തമാക്കിയ ഡെറിക് ഓ ബ്രയൻ തൃണമൂലിൽ നിന്നും ഒരു മുൻസിപ്പൽ കൗൺസിലർ പോലും പാർട്ടി വിട്ട് പോകില്ലെന്ന് ഉറപ്പിച്ച് പറഞ്ഞു. മോദിയുടെ കാലാവധി ഉടൻ തീരുമെന്ന് അദ്ദേഹം ഓർമപ്പെടുത്തി.

പശ്ചിമ ബംഗാളിലെ 295സീറ്റുകളിൽ 211 സീറ്റുകളും നേടി വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് കഴിഞ്ഞ തവണ മമതാ ബാനർജി അധികാരത്തിലെത്തിയത്. ബംഗാൾ നിയമസഭയിൽ കേവലഭൂരിപക്ഷം 148 സീറ്റുകളാണ്. പ്രധാനമന്ത്രി പറയുന്നപോലെ 40 എംഎൽഎമാർ കൂട്ടത്തോടെ ക്യാംപ് വിട്ടാലും അധികാരം നഷ്ട്ടപ്പെടില്ലെങ്കിലും ഇത്രയും പേർ ഒറ്റയടിക്ക് ക്യാംപ് വിടുമെന്ന വെളിപ്പെടുത്തൽ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ പശ്ചിമബംഗാളിൽ ആകെ 40 ലോക്സഭാ സീറ്റുകളാണുള്ളത്. ഇവയിൽ ഇരുപത്തിയഞ്ച് സീറ്റുകളെങ്കിലും നേടണമെന്നാണ് ബിജെപി കേന്ദ്രനേതൃത്വം ലക്ഷ്യമിടുന്നത്.