സ്വകാര്യ ബസ് ലോബി കെഎസ്ആർടിസിയിലും ഇടപെടുന്നു; ദീര്‍ഘദൂര സര്‍വീസുകള്‍ക്ക്‌ ഇനി ഫാസ്‌റ്റ്‌ പാസഞ്ചറില്ല

single-img
29 April 2019

കെഎസ്‌ആര്‍ടിസിയില്‍ ദീര്‍ഘദൂര സര്‍വീസുകള്‍ക്ക്‌ ഇനി ഫാസ്‌റ്റ്‌ പാസഞ്ചറില്ല. ദീര്‍ഘദൂര സര്‍വീസുകള്‍ക്ക്‌ സൂപ്പര്‍ ഫാസ്‌റ്റ്‌ മുതല്‍ മുകളിലേക്കുള്ള ബസുകളാകും ഇനി കോര്‍പ്പറേഷന്‍ ഉപയോഗിക്കുക. രണ്ടു ജില്ലയില്‍ കൂടുതല്‍ ദൂരത്തേക്കു ഫാസ്‌റ്റ്‌ പാസഞ്ചര്‍ ഓടിക്കേണ്ടെന്ന്‌ കെഎസ്‌ആര്‍ടിസി ഓപ്പറേഷന്‍സ്‌ എക്‌സ്‌ക്യൂട്ടീവ്‌ ഡയറക്‌ടര്‍ ഉത്തരവിറക്കിയതായി മംഗളം റിപ്പോർട്ടു ചെയ്യുന്നു. . സ്വകാര്യ ബസ്‌ ലോബിയുമായി ബന്ധമുള്ള ഒരു “കെ.എസ്‌.ആര്‍.ടി.സി. ഉന്നതന്റേ”താണ്‌ ഈ നീക്കത്തിനു പിന്നിലെ ബുദ്ധിയെന്ന്‌ ആരോപണമുയര്‍ന്നിട്ടുണ്ട്‌.

സൂപ്പര്‍ ഫാസ്‌റ്റ്‌ ബസുകളുടെ ഷെഡ്യൂള്‍ ദേശീയ പാത വഴിയും എംസി റോഡ്‌ വഴിയും കൃത്യമായ 15 മിനിറ്റ്‌ ഇടവേളയില്‍ തൃശൂര്‍ ഭാഗത്തേക്കും തിരികെയും ലഭ്യമാകത്തക്ക വിധത്തില്‍ ക്രമീകരിക്കുന്നെന്ന പേരിലാണ്‌ പരിഷ്‌കാരമെന്നും റിപ്പോർട്ടുകളുണ്ട്. ഇതിന്റെ ഭാഗമായി ഫാസ്‌റ്റ്‌ പാസഞ്ചറുകളെ 10 മിനിറ്റ്‌ ഇടവേളകളില്‍ തൊട്ടടുത്ത ജില്ലകളിലെ പ്രധാന സ്‌റ്റേഷനുകളിലേക്കു ചെയിന്‍ സര്‍വീസായിമാത്രം അടുത്ത ദിവസം മുതല്‍ ഓടിക്കും.

തിരുവനന്തപുരത്തുനിന്നു കൊല്ലം വരെയും കൊല്ലത്തുനിന്നും ആലപ്പുഴയില്‍നിന്നും എറണാകുളം വരെയും എറണാകുളത്തുനിന്നു തൃശൂര്‍ വരെയും എം.സി. റോഡില്‍ തിരുവനന്തപുരത്തുനിന്നു കൊട്ടാരക്കര വരെയും കൊട്ടാരക്കരയില്‍നിന്നു കോട്ടയം വരെയും കോട്ടയത്തുനിന്ന്‌ അങ്കമാലി വരെയും മാത്രമാകും ഫാസ്‌റ്റ്‌ പാസഞ്ചര്‍ ഇനി സര്‍വീസ്‌ നടത്തുകയെന്നും പറയുന്നു.

കുറഞ്ഞ ചെലവില്‍ ദീര്‍ഘദൂരയാത്ര നടത്താനുള്ള സൗകര്യമാണ്‌ കോര്‍പ്പറേഷന്‍ ഇതോടെ നിര്‍ത്തലാക്കുന്നത്‌. മാത്രമല്ല സൂപ്പര്‍ ഫാസ്‌റ്റ്‌ ബസുകള്‍ എണ്ണത്തില്‍ കുറവുമാണ്.

ബസില്‍ സീറ്റ്‌ കിട്ടാതെ വരുമ്പോള്‍ യാത്രക്കാര്‍ ദീര്‍ഘദൂര യാത്രകള്‍ക്കായി ട്രെയിനുകളിലേക്കു തിരിയും. ഇതുവഴി കെ.എസ്‌.ആര്‍.ടി.സി. കൂടുതല്‍ നഷ്‌ടത്തിലേക്കാവും കൂപ്പുകുത്തുകയെന്നും റിപ്പോർട്ടിൽ പറയുന്നു.