രമേശ് രാജു; ശ്രീലങ്കയിൽ കുരുന്നുകളെ ഉൾപ്പെടെ കൊല്ലാൻ പാഞ്ഞടുത്ത തീവ്രവാദിയെ തടഞ്ഞു നിർത്തി വീരചരമമടഞ്ഞവൻ

single-img
28 April 2019

ശ്രീലങ്കയിൽ പോരാട്ടത്തിൽ കൊല്ലപ്പെട്ട രമേശ് രാജുവിൻ്റേത് വീരമൃത്യു ആയിരുന്നുവെന്ന് റിപ്പോർട്ടുകൾ. ബ്രാട്ടിക്കലോവയിലെ ഇവാഞ്ചലിക്കൽ പള്ളിയിൽ സൺഡേ സ്കൂൾ അധ്യാപകനായിരുന്ന രമേഷ് രാജു അറുനൂറോളംപേരുടെ ജീവൻ രക്ഷിച്ച ശേഷമാണ് മരണത്തിന് കീഴടങ്ങിയത്. രണ്ട്‌ ബാഗുനിറയെ ബോംബുമായി പള്ളിയിലേക്ക് ചാവേർ ഓടിയെത്തിയപ്പോൾ തടഞ്ഞുനിർത്തിയത് രാജാവായിരുന്നു. 

ചാവേറിൻ്റെ പ്രവർത്തിയിൽ സംശയം തോന്നിയതിനാൽ അയാളെ ചോദ്യം ചെയ്യുകയും പള്ളിയിലേക്ക് കടക്കുന്നത് തടയുകയും ചെയ്തു. സംസാരം തുടരുന്നതിനിടെ ബോംബ്‌ പൊട്ടിത്തെറിക്കുകയും രമേഷ് രാജു ഉൾപ്പെടെയുള്ളവർ കൊല്ലപ്പെടുകയുമായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു.

പുറത്തുണ്ടായിരുന്ന 14 കുട്ടികളടക്കം 29 പേർ സിയോൺ പള്ളിയിൽ കൊല്ലപ്പെട്ടപ്പോൾ അറുനൂറോളംപേരുടെ ജീവനാണ് അദ്ദേഹത്തിന് രക്ഷിക്കാനായത്.

സ്ഫോടനപരമ്പര നടന്ന് ഒരാഴ്ച പിന്നിടുമ്പോൾ രമേഷ് രാജുവിന്റെ വീട്ടിലേക്ക് അന്ത്യാഞ്ജലിയർപ്പിക്കാനെത്തുന്നത് ഒട്ടനവധിപേരാണ്. അദ്ദേഹത്തിന്റെ വീട്ടിലേക്കുള്ള റോഡുകൾ മുഴുവനും ഈ നാൽപ്പതുകാരന്റെ ചിത്രംപതിച്ച പോസ്റ്ററുകളാണ്.

രണ്ടുകുട്ടികളുടെ അച്ഛനായ രമേഷിന് ചാവേറിനെക്കണ്ടയുടൻ ഓടിരക്ഷപ്പെടാമായിരുന്നു. എന്നാൽ, ചാവേറിനെ തടയാനാണ് രമേഷ് ശ്രമിച്ചതെന്ന് പിതാവ് വേലുസ്വാമി രാജു പറഞ്ഞു. കുടുംബത്തിന്റെ നട്ടെല്ലായിരുന്ന മൂത്തമകനാണ് തങ്ങളെ വിട്ടുപോയതെന്നും അദ്ദേഹം പറഞ്ഞു.