കൈപ്പത്തിക്ക് കുത്തുമ്പോൾ താമരയ്ക്ക് പോകുന്നുവെന്ന ആരോപണം ശരിയായിരുന്നു; സ്ഥിരീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷണർ

single-img
27 April 2019

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ കൈപ്പത്തിക്ക് വോട്ട് ചെയ്തപ്പോൾ താമരയ്ക്ക് പോയി എന്ന ആരോപണം ശരിയായിരുന്നുവെന്ന് സ്ഥിരീകരിച്ച സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ടീക്കാറാം മീണ. ആരോപണത്തിൽ കഴമ്പില്ല എന്ന ജില്ലാ കലക്ടര്‍ കെ വാസുകിയുടെ നിലപാട് തളളിയാണ്  തെരഞ്ഞെടുപ്പ് കമ്മീഷണർ രംഗത്തെത്തിയത്. കോവളം നിയമസഭാ മണ്ഡലത്തില്‍ ചൊവ്വര 151-ാം നമ്പര്‍ ബൂത്തിലായിരുന്നു പ്രശ്നം.

വോട്ടിങ് യന്ത്രത്തിന് തകരാറുണ്ടായതായി സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ സ്ഥിരീകരിച്ചു. വോട്ടെടുപ്പിനിടെയാണ് കൈപ്പത്തിക്ക് വോട്ടു ചെയ്യുമ്പോള്‍ വിവിപാറ്റില്‍ താമര കാണിക്കുന്നതായി പരാതി ഉയര്‍ന്നത്. 76 പേര്‍ വോട്ട് ചെയ്ത് മടങ്ങിയ ശേഷമാണ് പിഴവ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. 77-ാമതായി വോട്ട് ചെയ്യാനെത്തിയ യുഡിഎഫ് പ്രവര്‍ത്തകനാണ് കൈപ്പത്തിയില്‍ കുത്തിയപ്പോള്‍ വിവി പാറ്റില്‍ താമര വീഴുന്നത് കണ്ടത്. ഉടന്‍ തന്നെ പ്രിസൈഡിങ് ഓഫീസറോട് ഇയാള്‍ പരാതിപ്പെടുകയായിരുന്നു.

സംഭവം പുറത്തറിഞ്ഞതോടെ ക്രമക്കേട് ആരോപിച്ച് യുഡിഎഫ് പ്രവര്‍ത്തകരും എല്‍ഡിഎഫ് പ്രവര്‍ത്തകരും പ്രതിഷേധം ഉയര്‍ത്തി. ഇതേത്തുടര്‍ന്ന് വോട്ടെടുപ്പ് താത്കാലികമായി നിര്‍ത്തിവച്ചു. പുതിയ വോട്ടിങ് യന്ത്രത്തിന് പിഴവില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്.

എന്നാല്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുമ്പോള്‍ മറ്റൊരു സ്ഥാനാര്‍ത്ഥിക്ക് വോട്ട് പോകുന്നുവെന്നത് സാങ്കേതികമായി അസാധ്യമാണെന്നായിരുന്നു വാസുകിയുടെ വിശദീകരണം. ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും വാസുകി പറഞ്ഞിരുന്നു. ഈ വാദമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇപ്പോള്‍ തളളിയിരിക്കുന്നത്.