സൗദിയില്‍ പ്രവാസി തൊഴിലാളികള്‍ക്കുപകരം പ്രത്യേക തസ്തികകളില്‍ സ്വദേശികളെ നിയമിക്കാന്‍ രാജാവിന്റെ കര്‍ശന നിര്‍ദേശം

single-img
26 April 2019

സൗദി അറേബ്യയില്‍ ചില പ്രത്യേക തസ്തികകളില്‍ വിദേശികളായ തൊഴിലാളികള്‍ക്കുപകരം യോഗ്യരായ സ്വദേശികളെ നിയമിക്കാന്‍ രാജാവിന്റെ കര്‍ശന നിര്‍ദേശം. സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സമിതികള്‍ എന്നിവയ്ക്കാണ് നിര്‍ദേശം.

ഓഫീസ് സെക്രട്ടറി, ഓഫീസ് മാനേജര്‍, മെസഞ്ചര്‍, ഡോക്യുമെന്റ് കണ്‍ട്രോളര്‍, രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട അതീവജാഗ്രത കാണിക്കേണ്ട ജോലികള്‍ എന്നീ നിയമനങ്ങള്‍ക്ക് വിദേശികളുമായി ഉടമ്പടിയുണ്ടാക്കരുതെന്ന മുന്‍ രാജവിജ്ഞാപനം കര്‍ശനമായി പാലിക്കണം. പകരം, യോഗ്യരായ സ്വദേശികളെ നിയമിക്കണമെന്നും ഉത്തരവിലുണ്ട്.

അര്‍ഹരായ സ്വദേശികള്‍ ഇല്ലാത്ത ഏതാനും തസ്തികകളില്‍ മാത്രമേ വിദേശികളുമായി തൊഴില്‍ ഉടമ്പടി ഉണ്ടാക്കാവൂ. ഓപ്പറേഷന്‍, മെയിന്റനന്‍സ്, ക്‌ളീനിങ് തുടങ്ങിയവയുമായി ബന്ധപ്പെട്ട തസ്തികകളില്‍ വിദേശികളെ നിയമിക്കണമെങ്കില്‍ ആ തസ്തികകള്‍ നേരത്തെ പരസ്യപ്പെടുത്തുകയും സ്വദേശികളാരും വരുന്നില്ല എന്ന് ഉറപ്പുവരുത്തുകയുംചെയ്യണമെന്ന് ഉത്തരവില്‍ പറയുന്നു.

അതിനിടെ, സൗദിയില്‍ സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ അഞ്ചര ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പുതിയ പദ്ധതിയുമായി തൊഴില്‍ മന്ത്രാലയം. ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഖുവാ ഡിജിറ്റലൈസേഷന്‍ പദ്ധതിയിലൂടെയാണ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക.

തൊഴില്‍ സാമൂഹിക വികസന കാര്യ മന്ത്രി എഞ്ചിനിയര്‍ അഹമദ് അല്‍ റാജിയാണ് പുതിയ പദ്ധതി സംബന്ധിച്ച് വ്യക്തമാക്കിയത്. ഇതിന്റെ ഭാഗമായുള്ള ഖുവാ പോര്‍ട്ടല്‍ സംവിധാനം മന്ത്രി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ സ്വകാര്യ മേഖല സേവനങ്ങളും ഡിജിറ്റലൈസേഷന്‍ ചെയ്യുക, തൊഴിലുടമകള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും സേവനങ്ങള്‍ എളുപ്പമാക്കുക, സുതാര്യത വര്‍ധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് പുതിയ ഇലക്ട്രോണിക് സംവിധാനം.

പുതിയ സംവിധാനത്തിലൂടെ ഈ വര്‍ഷം 45000 സ്വദേശികള്‍ തൊഴില്‍ വിപണിയില്‍ പ്രവേശിച്ചു. രണ്ടായിരത്തി ഇരുപത്തി മൂന്നോടെ ഇത് അഞ്ച് 561000 ആയി ഉയരുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് പുതിയ സംരഭങ്ങള്‍ തുടങ്ങുന്നതില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഈ വര്‍ഷം ആദ്യ പാദത്തില്‍ ഒരു 133000 സ്ഥാപനങ്ങള്‍ പുതുതായി ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം ഇത് നാല്‍പ്പത്തി എട്ടായിരമായിരുന്നു. ഖുവാ പദ്ധതിയില്‍ നിലവില്‍ 22 സേവനങ്ങളാണുള്ളത്. വര്‍ഷാവസാനത്തോടെ ഇത് ഇരട്ടിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.