ബോള്‍ എവിടെ?: മുഖത്തോട് മുഖംനോക്കി താരങ്ങള്‍: ഒടുവില്‍ ടിവി റീപ്‌ളേ നോക്കിയപ്പോള്‍ ‘ആനമണ്ടത്തരം’ പറ്റിയത് അമ്പയര്‍ക്ക്

single-img
26 April 2019

ഐപിഎല്ലില്‍ കിംങ്‌സ് ഇലവന്‍ പഞ്ചാബും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരും തമ്മിലുള്ള മത്സരത്തിനിടേയാണ് അമ്പയര്‍ക്ക് ‘ആനമണ്ടത്തരം’ പറ്റിയത്. ബാംഗ്‌ളൂര്‍ ബാറ്റ് ചെയ്യുമ്പോഴായിരുന്നു സംഭവം. കളിയുടെ പതിമൂന്നാം ഓവറില്‍ സ്ട്രാറ്റജിക് ടൈം ഔട്ടിനു ശേഷമാണ് വിചിത്രമായ സംഭവം നടന്നത്.

പന്ത് കാണാനില്ല. ! എല്ലാവരും പരസ്പരം നോക്കാന്‍ തുടങ്ങി. ആരുടെ കയ്യിലാണ് പന്ത്. പന്തെവിടെ ? പഞ്ചാബ് ക്യാപ്റ്റന്‍ അശ്വിന്‍ ദേഷ്യപ്പെട്ട് ഫീല്‍ഡ് അംപയര്‍ ഷംസുദ്ദീനോടു തര്‍ക്കിക്കാന്‍ തുടങ്ങി. ക്രീസിലുണ്ടായിരുന്ന ഡിവില്ലിയേഴ്‌സും അന്തംവിട്ടു നില്‍ക്കുന്നു.

ഒടുവില്‍ ടിവി റീപ്‌ളേകളിലേക്കായി എല്ലാവരുടേയും കണ്ണ്. അപ്പോഴല്ലേ സംഗതി പിടികിട്ടിയത്. സ്ട്രാറ്റജിക് ടൈം ഔട്ട് വേളയില്‍ അംപയര്‍ ബ്രൂസ് ഓക്‌സംഫോര്‍ടിനു ബോളര്‍ പന്ത് കൈമാറി. അംപയര്‍ അത് തന്റെ പോക്കറ്റിലിടുകയും ചെയ്തു. എന്നാല്‍ ഇക്കാര്യം അദ്ദേഹം മറന്നു. ചിരിച്ചുകൊണ്ട് അമ്പയര്‍ പന്ത് പുറത്തെടുത്തു. മത്സരത്തില്‍ ബാംഗ്‌ളൂര്‍ 17 റണ്‍സിന് ജയിച്ചു.